സ്വകാര്യ സര്‍വകലാശാല: നയംമാറ്റത്തില്‍ ആശങ്കപങ്കിട്ട് എല്‍.ഡി.എഫ്. ഘടകകക്ഷികള്‍

Share our post

തിരുവനന്തപുരം: വികസനകാര്യത്തില്‍ മൂലധനം സ്വീകരിക്കുന്നതിന് നയപരമായ തിരുത്തല്‍വരുത്തുന്ന എല്‍.ഡി.എഫിന്റെ കാഴ്ചപ്പാടുമാറ്റത്തില്‍ ആശങ്കയുമായി ഘടകകക്ഷികള്‍. ഭൂപരിഷ്‌കരണ നിയമത്തിലടക്കം വെള്ളം ചേര്‍ക്കുന്ന വ്യവസ്ഥകളുള്ളതിനാല്‍ അതിലുള്ള സി.പി.ഐ.യുടെ വിയോജിപ്പ് മന്ത്രി കെ. രാജന്‍ യോഗത്തില്‍ അറിയിച്ചു.

സ്വകാര്യ-കല്പിത സര്‍വകലാശാലകള്‍ക്ക് പരവതാനി വിരിക്കുന്നതിന്റെ അപകടം മറ്റു കക്ഷിനേതാക്കളും ചൂണ്ടിക്കാണിച്ചു. സി.പി.എമ്മിന്റെ സംസ്ഥാനസമ്മേളനം അംഗീകരിച്ച നയരേഖയാണ് നേരിയഭേദഗതികളോടെ എല്‍.ഡി.എഫിലും അവതരിപ്പിച്ചത്.

പാവപ്പെട്ടവരും പിന്നാക്കക്കാരുമായ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ കോളേജുകളിലും സര്‍വകലാശാലകളിലും മാത്രമായി പരിമിതപ്പെടാനിടയുണ്ട്. മറ്റ് വിദ്യാര്‍ഥികള്‍ സ്വകാര്യ-കല്പിത സര്‍വകലാശാലകളിലേക്ക് മാറാനിടയാകും. അവിടെ സംവരണവും സാമ്പത്തിക ആനുകൂല്യവും നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാകും -നേതാക്കള്‍ പറഞ്ഞു.

സാമൂഹികനിയന്ത്രണവും സംവരണവും ഉറപ്പാക്കിമാത്രമേ ഇത്തരം സര്‍വകലാശാലകള്‍ക്ക് അനുമതിനല്‍കൂവെന്ന് മുഖ്യമന്ത്രി മറുപടിനല്‍കി.

തോട്ടം മേഖലയിലെ ഭൂമിയുടെ അഞ്ചുശതമാനം മറ്റ് ഫലവൃക്ഷങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന നിര്‍ദേശത്തിലാണ് സി.പി.ഐ. വിയോജിപ്പറിയിച്ചത്. ഇത് നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെടുകയും ചെയ്തു.

ഭൂപരിഷ്‌കണ നിയമത്തിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കുന്നതാണിതെന്നാണ് സി.പി.ഐ.യുടെ വിയോജിപ്പിന് കാരണം. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്കുശേഷം നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി മറുപടിനല്‍കി.

തദ്ദേശതൊഴിലിനും പരിസ്ഥിതിക്കും ദോഷമാകുന്നവിധത്തില്‍ വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കരുതെന്നായിരുന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. സമൂഹികാഘാതത്തിന് വഴിയൊരുക്കുന്നവിധത്തില്‍ ഒരു മൂലധന നിക്ഷേപവും കൊണ്ടുവരില്ലെന്ന് മുഖ്യമന്ത്രി മറുപടിനല്‍കി.

കര്‍ഷകര്‍ക്ക് നിശ്ചിതവരുമാനം ഉറപ്പാക്കുന്ന പദ്ധതികള്‍ തയ്യാറാക്കണമെന്ന നിര്‍ദേശം മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാട്ടി. ഇതിനോട് എല്ലാവരും അനുകൂലമായാണ് പ്രതികരിച്ചത്. വെള്ളക്കരം കൂട്ടുന്നതിലും ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!