മകരജ്യോതി തെളിയാൻ വെറും മണിക്കൂറുകൾ മാത്രം; ശബരിമലയിലേയ്ക്ക് തീർത്ഥാടക പ്രവാഹം

Share our post

പത്തനംതിട്ട: മകരജ്യോതി തെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരെ കൊണ്ട് നിറഞ്ഞു. വൈകിട്ട് ആറരക്ക് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുന്നത്. പത്തിലധികം കേന്ദ്രങ്ങളിൽ നിന്ന് മകരവിളക്ക് കാണാൻ സൗകര്യമുണ്ട്.

സുരക്ഷക്കായി 2000 പൊലീസുകാരെയാണ് പമ്പ മുതൽ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര വരുന്നതിനാൽ ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടില്ല.അതേസമയം, മെഡിക്കൽ സംവിധാനങ്ങൾ, ഫയർഫോഴ്‌സിന്റെ ഉൾപ്പടെയുള്ള ആംബുലൻസ് സേവനങ്ങൾ, റിക്കവറി വാൻ എന്നിവയെല്ലാം സജ്ജമാണെന്ന് ഇടുക്കി ജില്ലാകളക്ടർ ഷീബ ജോർജ് അറിയിച്ചു.

ഇടുക്കിയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരജ്യോതി ദ‍ർശനത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. മൂന്നിടത്തും ജില്ലാകളക്ടർ എത്തി ഒരുക്കങ്ങൾ വിലയിരുത്തി. സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി 1400 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

മോട്ടോർ വാഹന വകുപ്പ്, പൊലീസ്, ഫയർ ഫോഴ്സ് എന്നിവരുടെ യോഗം കുട്ടിക്കാനത്ത് നടന്നു. ദേശീയപാതയിൽ പാർക്കിംഗ് പൂർണമായും ഒഴിവാക്കും. മുണ്ടക്കയത്തുനിന്നും കുമളിയിൽ നിന്നുമുള്ള ചരക്ക് വാഹനങ്ങൾക്ക് വൈകിട്ട് അഞ്ച് മണി മുതൽ നിയന്ത്രണം ഏർപ്പെടുത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!