കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച: ദേശീയപാതയടച്ചു, വിമാനങ്ങള്‍ റദ്ദാക്കി; ഒറ്റപ്പെട്ട് താഴ്‌വാരം

Share our post

ശ്രീനഗര്‍: കശ്മീരിലെ വിവധ ഭാഗങ്ങളില്‍ കനത്തമഞ്ഞുവീഴ്ച തുടരുന്നു. വിമാന സര്‍വീസുകളെയടക്കം മഞ്ഞുവീഴ്ച സാരമായി ബാധിച്ചു. ജമ്മു- ശ്രീനഗര്‍ ദേശീയപാത അടച്ചിടാനും തീരുമാനിച്ചു. ദേശീയ പാത അടച്ചതോടെ താഴ്‌വര ഒറ്റപ്പെട്ടു. ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച വ്യാപക മഴ ലഭിച്ചു. അടുത്ത 24 മണിക്കൂര്‍ പത്ത് ജില്ലകളില്‍ ഹിമപാതമുന്നറിയിപ്പുമുണ്ട്.

ആദ്യം താത്കാലികമായി റദ്ദാക്കിയ വിമാനസര്‍വീസുകള്‍ വെള്ളിയാഴ്ച രാവിലെ പത്തോടെ പൂര്‍ണ്ണമായും റദ്ദാക്കുകയായിരുന്നു. മഞ്ഞുവീഴ്ചയും ഇതിനെത്തുടര്‍ന്നുണ്ടായ കാഴ്ചപരിമിതിയുമാണ് വിമാനങ്ങള്‍ റദ്ദാക്കാനുള്ള കാരണം. കാലാവസ്ഥ സാധാരണനിലയിലാവുന്നതോടെ വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റദ്ദാക്കിയ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടിയിരുന്നവര്‍ക്ക്, അധികചാര്‍ജുകള്‍ ഒന്നും ഇല്ലാതെ തന്നെ അടുത്ത വിമാനത്തില്‍ യാത്രാ സൗകര്യം ഒരുക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ശ്രീനഗറിലെ കാഴ്ച 
മണ്ണിടിച്ചിലിനേയും കല്ലുകള്‍ അടര്‍ന്നുവീണതിനേയും തുടര്‍ന്നാണ് ജമ്മു- ശ്രീനഗര്‍ ദേശീയപാത അടച്ചിട്ടത്. രംബാന്‍ ജില്ലയ്ക്ക് സമീപം മെഹറിലാണ് മണ്ണിടിച്ചിലുണ്ടായത്. ദേശീയ പാത പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നുവരികയാണെന്നും ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റുകളില്‍ അന്വേഷിച്ച ശേഷം മാത്രമേ ദേശീയപാതയില്‍ യാത്ര ചെയ്യാവൂ എന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

വൈഷ്‌ണോ ദേവി തീര്‍ഥാടനത്തിനെത്തിയവര്‍, കത്‌രയില്‍ നിന്നുള്ള ദൃശ്യം | Photo: PTI
ശനിയാഴ്ച പുലര്‍ച്ചയും ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ബന്ദിപുരിലും കുപ്വാരയിലും 2,000 മീറ്ററിന് മുകളില്‍ അപകട സാധ്യത കൂടിയ ഹിമപാതം മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ബാരാമുള്ള, ഗന്ദര്‍ബല്‍, അനന്ത്‌നാഗ്, ദോഡ, കിഷ്ടവാര്‍, കുല്‍ഗാം, പൂഞ്ച്, രംബാന്‍ എന്നിവിടങ്ങളിലും ഹിമപാതമുന്നറിയിപ്പുണ്ട്.

ശ്രീനഗര്‍, കുപ്‌വാര, ക്വാസിഗുണ്ട്, കോകര്‍നാഗ്, പഹര്‍ഗാം, ജമ്മു, കത്‌ര എന്നിവിടങ്ങളില്‍ നേരിയ മഴലഭിച്ചിരുന്നു. ശ്രീനഗറില്‍ വെള്ളിയാഴ്ചത്തെ കുറഞ്ഞ താപനില 3.1 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!