വിദ്യാഭ്യാസം സാമൂഹിക അനുഭവജ്ഞാനമാകണം: ഡോ. അനിത രാംപാൽ

Share our post

കണ്ണൂർ: വിദ്യാഭ്യാസമെന്നത് ക്ലാസ് മുറികളിലെ പഠനപ്രവർത്തനങ്ങൾ മാത്രമല്ല, സാമൂഹികമായ ഇടപെടലുകളിലൂടെയുള്ള അനുഭവജ്ഞാനം കൂടിയാണെന്ന് പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധയും ഡൽഹി സർവകലാശാല മുൻ പ്രൊഫസറുമായ ഡോ. അനിത രാംപാൽ പറഞ്ഞു. അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭാസ പദ്ധതിയുടെ ഭാഗമായി നടത്തിയ മണ്ഡലതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

വിദ്യാഭ്യാസം ഒരു സാമൂഹിക പ്രതിബന്ധതയാണ്. എന്നാൽ അത് വ്യക്തി കേന്ദ്രീകൃതമായി മാറിയ ഒരു സ്ഥിതിയാണ് ഇപ്പോഴുള്ളത്. അത് മാറണം. വിദ്യാലയങ്ങളെ ജനാധിപത്യവത്കരിക്കണം. വിദ്യാർത്ഥികൾ അവരുടെ അഭിരുചിക്കനുസരിച്ചുള്ള വിദ്യാഭ്യാസ മേഖലയല്ല തിരഞ്ഞെടുക്കുന്നത്. രക്ഷിതാക്കളുടെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ്.

വിദ്യാഭ്യാസം മരുന്നുപോലെ നൽകാനാകുന്നതല്ല. കേവലം ബിരുദങ്ങളിൽ ഒതുങ്ങുന്നത് മാത്രമാകരുത് വിദ്യാഭ്യാസം. വ്യക്തികളെ ചിന്തിക്കാനും അഭിപ്രായം രൂപീകരിക്കാനും പ്രാപ്തമാക്കുന്നതും വ്യക്തിത്വ വികസനത്തിന് ഉതകുന്നതുമായിരിക്കണമത് -അവർ പറഞ്ഞു.

കെ.വി സുമേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. ടി. സരള, കെ.കെ രത്‌നകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി ജിഷ, പി.പി ഷാജിർ, കണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് നിസാർ വായിപ്പറമ്പ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. അജീഷ്, പി. ശ്രുതി, പി.പി ഷമീമ, കെ. രമേശൻ (നാറാത്ത്), എ.വി സുശീല, ജില്ലാകളക്ടർ എസ്. ചന്ദ്രശേഖർ, സർവകലാശാല സിൻഡിക്കേറ്റ് അംഗം എൻ. സുകന്യ, മുൻ എം.എൽ.എ എം. പ്രകാശൻ, ഡയറ്റ് പ്രിൻസിപ്പൽ കെ. വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് പഞ്ചായത്ത് തലത്തിൽ ചർച്ച നടത്തി നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. പഞ്ചായത്തുതലത്തിലും സ്‌കൂൾതലത്തിലും ഇനി ശില്പശാലകൾ നടത്തും. മൂന്ന് തലത്തിലും കർമ്മ സമിതികൾ രൂപീകരിച്ച് തുടർ പ്രവർത്തനങ്ങൾ നടത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!