സുഹൃത്തുക്കൾക്ക് കാമുകിമാരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വിമാനം വൈകിപ്പിച്ചു; ബോംബ് ഭീഷണി നടത്തിയ യുവാവ് പിടിയിൽ
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ വ്യാജബോംബ് ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. ദ്വാരക സ്വദേശി അഭിനവ് പ്രകാശിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ബ്രിട്ടീഷ് എയർവേയ്സിന്റെ ട്രെയിനി ടിക്കറ്റിംഗ് ഏജന്റാണ് അറസ്റ്റിലായ അഭിനവ്.
ഇയാളുടെ സുഹൃത്തുക്കൾക്ക് വിമാനത്തിൽ യാത്ര ചെയ്യുന്ന കാമുകിമാരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു വ്യാജബോംബ് ഭീഷണി മുഴക്കിയതെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.അഭിനവിന്‍റെ സുഹൃത്തുക്കളായ ബണ്ടി എന്ന രാകേഷും കുനാൽ സെഹ്രാവത്തും അടുത്തിടെ മണാലിയിൽ പോകുകയും അവിടെ വച്ച് രണ്ട് യുവതികളുമായി സൗഹൃദത്തിലാകുകയും ചെയ്തു.
ഈ പെൺകുട്ടികൾ സ്പൈസ്ജെറ്റ് വിമാനത്തിൽ പൂനെയിലേക്ക് പോകുകയായിരുന്നു. അഭിനവിന്‍റെ സുഹൃത്തുക്കൾക്ക് ഈ പെൺകുട്ടികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്ന് ആഗ്രഹിച്ചതായും പ്രതി പറഞ്ഞു. അതിനാൽ അവർ യാത്ര ചെയ്യുന്ന വിമാനം വൈകിപ്പിക്കാൻ വേണ്ടി തന്നോട് ആവശ്യപ്പെട്ടതിനാലാണ് ഇത്തരത്തിലൊരു വ്യാജഫോൺകോൾ ചെയ്തതെന്നും അഭിനവ് പൊലീസിനോട് പറഞ്ഞു.