കണ്ണൂർ ജില്ലയിൽ പത്ത് കൂൺഗ്രാമങ്ങൾ ഒരുങ്ങും; ലക്ഷ്യമിടുന്നത് 1000 ചെറുകിട യൂണിറ്റുകൾ

കണ്ണൂര്‍: കൂണ്‍ കൃഷി വ്യാപിപ്പിക്കുന്നതിനും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ജില്ലയില്‍ 10 കൂണ്‍ ഗ്രാമങ്ങള്‍ തുടങ്ങും. ഒരു ഗ്രാമത്തില്‍ 100 കൂണ്‍കൃഷി യൂണിറ്റ് ഉണ്ടാവും. ഇത്തരത്തില്‍ 1000 ചെറുകിട യൂണിറ്റുകളും 20 വന്‍കിട യൂണിറ്റുകളാണ് ജില്ലയിലാകെ തുടങ്ങുക.
ഇതിനായി കര്‍ഷകര്‍ക്ക് രാഷ്ട്രീയ കൃഷിവികാസ് യോജനയിലൂടെ സഹായധനം ലഭിക്കും. പോഷകമൂല്യമേറെയുള്ളതിനാല്‍ കൂണിന് ആവശ്യക്കാര്‍ നിരവധിയാണ്. പ്രദേശികമായി വിപണനം നടത്തുന്നതിനൊപ്പം കൂണ്‍പൊടി, ചിപ്സ് തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വ്യാപിപ്പിക്കാനും പദ്ധതിയിലൂടെ കഴിയും. ഇതിനുപുറമേ മികച്ച രീതിയില്‍ സംഭരിച്ച് കയറ്റുമതിസാധ്യത കണ്ടെത്താനും ആലോചനയുണ്ട്.
സംസ്ഥാനവ്യാപകമായി 100 കൂണ്‍ ഗ്രാമങ്ങള്‍ തുടങ്ങാനാണ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഓരോ കൂണ്‍ഗ്രാത്തിലും കൂണ്‍കൃഷി യൂണിറ്റുകള്‍ക്ക് പുറമേ വിത്ത് ഉത്പാദന യൂണിറ്റ്, സംഭരണകേന്ദ്രം, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണ യൂണിറ്റ്, പാക്കിങ് യൂണിറ്റ്, മാലിന്യസംസ്‌കരണ സംവിധാനം എന്നിവയൊരുക്കും.
പദ്ധതിച്ചെലവിന്റെ 40 ശതമാനം സബ്സിഡി
ചെറുകിട കൂണ്‍കൃഷി യൂണിറ്റുകള്‍ക്ക് 11,250 രൂപ സബ്സിഡി ലഭിക്കും. പദ്ധതിച്ചെലവിന്റെ 40 ശതമാനം വരെയാണ് സബ്സിഡി. അഞ്ചുലക്ഷം രൂപ വരെ പദ്ധതിച്ചെലവുവരുന്ന വന്‍കിട യൂണിറ്റുകള്‍ക്കും വിത്ത് ഉത്പാദന യൂണിറ്റുകള്‍ക്കും രണ്ടുലക്ഷം രൂപ വരെയാണ് സബ്സിഡി ലഭിക്കുക.
മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മാണ യൂണിറ്റുകള്‍ക്കും സംഭരണകേന്ദ്രങ്ങള്‍ക്കും പദ്ധതിച്ചെലവിന്റെ പകുതി സബ്സിഡിയായി ലഭിക്കും. ഇതുപ്രകാരം മൂല്യവര്‍ധിത ഉത്പന്നനിര്‍മാണ യൂണിറ്റുകള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപയും സംഭരണകേന്ദ്രങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയുമാണ് ലഭിക്കുക. സംരംഭകര്‍ക്ക് പദ്ധതിയുടെ ഭാഗമായി പരിശീലനവും നല്‍കും.
കൃഷിഭവനുമായി ബന്ധപ്പെടാം
മുന്‍വര്‍ഷം മാങ്ങാട്ടിടം പഞ്ചായത്തില്‍ കൂണ്‍ഗ്രാമമൊരുക്കിയിരുന്നു. ഇത് വന്‍വിജയമായതാണ് സംസ്ഥാനതലത്തില്‍ പദ്ധതി വ്യാപിപ്പിക്കാന്‍ പ്രചോദനമായത്. സംരംഭം തുടങ്ങാന്‍ താത്പര്യമുള്ള കര്‍ഷകര്‍ക്കും കൂട്ടായ്മകള്‍ക്കും കൃഷിഭവനുകളുമായി ബന്ധപ്പെടാം.