ന്യൂനപക്ഷ മതവിഭാഗങ്ങളെ നിശ്ചയിക്കുന്നതിന് നിലവിലെ രീതി തുടരണമെന്ന് കേരളം അറിയിച്ചതായി കേന്ദ്രം
ന്യൂഡല്‍ഹി: ന്യൂനപക്ഷ മതവിഭാഗങ്ങളെ നിശ്ചയിക്കുന്നതിനും, വിജ്ഞാപനം ചെയ്യുന്നതിനും നിലവിലെ രീതി തുടരണമെന്ന് കേരളം അറിയിച്ചതായി കേന്ദ്രം. സുപ്രീം കോടതിയില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2004 ലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ നിയമത്തിന്റെയും, 1992 ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തിന്റെയും അടിസ്ഥാനത്തില്‍ ന്യൂനപക്ഷ നിര്‍ണ്ണയം നടത്തണമെന്നാണ് കേരളം അറിയിച്ചിരിക്കുന്നതെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂനപക്ഷ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് വരെ ഈ രീതി തുടരണം എന്ന് വ്യക്തമാക്കി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ഡോ ശര്‍മിള മേരി ജോസഫ് നല്‍കിയ കത്തും കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറി.
2004 ലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ നിയമത്തിന്റെ 2 (എഫ്) വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാരാണ് ന്യൂനപക്ഷ മത വിഭാഗങ്ങളെ നിര്‍ണയിച്ച് വിജ്ഞാപനം ഇറക്കേണ്ടത്. ഇത് അനുസരിച്ച് മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജെയിന്‍ മത വിഭാഗങ്ങളെ ന്യൂനപക്ഷ മത വിഭാഗങ്ങളായി കേന്ദ്രം വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അതേസമയം ടിഎംഎ പൈ കേസില്‍ സുപ്രീം കോടതിയുടെ പതിനൊന്ന് അംഗ ഭരണഘടന ബെഞ്ച് സംസ്ഥാന അടിസ്ഥാനത്തില്‍ ആണ് മത, ഭാഷ ന്യൂനപക്ഷങ്ങളെ നിര്‍ണ്ണയിക്കേണ്ടത് എന്ന് വിധിച്ചിരുന്നു.
ഈ വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ടി.എം.എ .പൈ കേസിലെ വിധി നടപ്പാക്കിയാല്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായ സംസ്ഥാനങ്ങളില്‍ അവര്‍ക്ക് ന്യൂനപക്ഷ പദവി ലഭിക്കും. ന്യൂനപക്ഷങ്ങളെ ജില്ലാ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കണമെന്ന് ആവശ്യപ്പെട്ട് ദേവകി നന്ദന്‍ താക്കൂര്‍ നല്‍കിയ മറ്റൊരു ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിനില്‍ ആണ്.
ന്യൂനപക്ഷ നിര്‍ണ്ണയം സംബന്ധിച്ച് ബിജെപി ഭരണ സംസ്ഥാനങ്ങള്‍ വ്യത്യസ്ത നിലപാട് ആണ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ന്യൂനപക്ഷങ്ങളെ നിര്‍ണ്ണയിക്കുന്നതിന് ഇപ്പോഴത്തെ രീതി തുടരണം എന്ന നിലപാടാണ് കേന്ദ്രത്തെ അറിയിച്ചത്.
അതേസമയം അസം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ടിഎംഎ പൈ കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ സംസ്ഥാന അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കണം എന്ന നിലപാടാണ് കേന്ദ്രത്തെ അറിയിച്ചത്.