മൊബൈൽ സേവനങ്ങളുടെ നിരക്ക് വർധിപ്പിക്കാൻ ടെലകോം കമ്പനികൾ

Share our post

മുംബൈ: രാജ്യത്ത് ഫോൺകോൾ, ഡാറ്റ നിരക്ക് കുതിച്ചുയരാൻ പോകുന്നു. രാജ്യം 5ജിയിലേക്ക് മാറിയതിനു പിന്നാലെയാണ് 4ജി സേവനങ്ങളുടെ നിരക്ക് കൂട്ടാൻ കമ്പനികൾ ഒരുങ്ങുന്നത്. ബി.എൻ.പി പരിബാസ് സെക്യൂരിറ്റീസ് റിപ്പോർട്ട് ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

5ജി ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റാ ക്വാട്ട അനുവദിക്കാനാണ് ടെലകോം ഓപറേറ്റർമാർ ആലോചിക്കുന്നത്. ഈ വർഷം വരുമാനത്തിൽ ഇരട്ട അക്ക വളർച്ചയാണ് മൊബൈൽ സേവനദാതാക്കൾ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഉപയോക്താക്കളെ കൂടുതൽ 5ജിയിലെത്തിക്കുകയാകും കമ്പനികൾ മുന്നിൽകാണുന്നത്.

ഇതിനകം തന്നെ വിവിധ ടെലകോം ഓപറേറ്റർമാർ 4ജി സേവനനിരക്കുകൾ കൂട്ടുകയോ ചെറിയ നിരക്കിന്റെ പ്ലാനുകൾ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. 5ജി സേവനങ്ങൾ കൂടി അവതരിപ്പിച്ചതോടെ കൂടുതൽ ശ്രദ്ധ ഈ രംഗത്തേക്ക് തിരിക്കാനായിരിക്കും കമ്പനികൾ ആലോചിക്കുന്നത്. ഒരു കമ്പനിയും ഇതുവരെ 5ജി സേവനങ്ങൾക്ക് പ്രത്യേക നിരക്ക് അവതരിപ്പിച്ചിട്ടില്ല. 4ജി നിരക്കിൽ തന്നെയാണ് ഇവയും നൽകുന്നത്.

വൊഡാഫോണ് ഐഡിയ ലിമിറ്റഡിന് 5ജി രംഗത്ത് മതിയായ നിക്ഷേപമിറക്കാനാകാത്തതിനാൽ കമ്പനിക്ക് കൂടുതൽ തിരിച്ചടിക്ക് സാധ്യതയുണ്ട്. എയർടെലും ജിയോയും ആകും ഏറ്റവും ലാഭം കൊയ്യാൻ പോകുന്നത്. രണ്ടു കമ്പനികളും തങ്ങളുടെ 5ജി ശൃംഖല വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. കൂടുതൽ ഡാറ്റ ഓഫറുകളും മികച്ച വേഗതയും കാണിച്ച് ഉപയോക്താക്കളെ 5ജി ഫോണുകളിലേക്ക് മാറാൻ കമ്പനികൾ പ്രേരിപ്പിക്കുമെന്ന് ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് അഞ്ചാം തലമുറ ടെലകോം സേവനങ്ങൾക്ക് തുടക്കമിട്ടത്. ഡിസംബർ 20ന് കേരളത്തിലും 5ജി സേവനങ്ങൾക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടത്തിൽ കൊച്ചിയിലായിരുന്നു സേവനങ്ങൾ ലഭിച്ചത്.

2023 അവസാനത്തോടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും 5ജി ലഭ്യമാക്കുമെന്നാണ് ജിയോ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ ഡൽഹി-എൻ.സി.ആർ, മുംബൈ, കൊൽക്കത്ത, വരാണസി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, പൂനെ, ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് ജിയോ 5ജി സേവനം നൽകുന്നത്. ഈ വർഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 2024 അന്ത്യത്തോടെ എല്ലാ നഗരങ്ങളിലും 5ജി ലഭ്യമാക്കുമെന്ന് എർടെലും പ്രഖ്യാപിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!