വിദേശ ഇന്ത്യക്കാര്‍ക്ക് യു.പി.ഐ പണമിടപാടിന് അവസരമൊരുങ്ങുന്നു; ആദ്യഘട്ടത്തില്‍ പത്ത് രാജ്യങ്ങളില്‍നിന്ന്

ന്യൂഡല്‍ഹി: യു.പി.ഐ ഉപയോഗിച്ച് വിദേശ ഇന്ത്യക്കാര്‍ക്ക് പണം അയക്കാന്‍ അവസരമൊരുങ്ങുന്നു. ആദ്യഘട്ടത്തില്‍ പത്ത് വിദേശ രാജ്യങ്ങളില്‍നിന്ന് യു.പി.ഐ. ഉപയോഗിച്ചുള്ള പണം കൈമാറ്റത്തിന് ഉടന്‍ അനുമതി ലഭിക്കും. എന്‍.ആര്‍.ഇ., എന്‍.ആര്‍.ഒ. ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് എന്‍.ആര്‍.ഐ.ക്കാര്‍ക്ക് പണം കൈമാറ്റം സാധ്യമാവും. അതതു രാജ്യങ്ങളിലെ കണ്‍ട്രി കോഡുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാട് നടത്താം.
ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാതെത്തന്നെ വിദേശികളായ ഇന്ത്യക്കാര്‍ക്ക് ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ അനുവദിക്കുന്ന സംവിധാനം കൊണ്ടുവരണമെന്ന് നേരത്തേ എന്‍.പി.സി.ഐ. ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
ആദ്യ ഘട്ടത്തില്‍ പത്ത് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്കാണ് പണമിടപാട് സാധ്യമാവുക. യു.എ.ഇ., സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, യു.എസ്.എ., യു.കെ., സിങ്കപ്പൂര്‍, കാനഡ, ഓസ്‌ട്രേലിയ, ഹോങ് കോങ് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍. ഈ പത്ത് രാജ്യങ്ങളിലെയും ഇന്ത്യക്കാര്‍ക്ക് അവിടങ്ങളിലുള്ള കണ്‍ട്രി കോഡ് ഉപയോഗിച്ചുതന്നെ ഇനിമുതല്‍ ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ കഴിയും.