നായനാർ മന്ദിരം ഉദ്‌ഘാടനം ചെയ്‌തു

ഏഴിലോട്: സി.പി.ഐ .എം ചാലിൽ തോട്ടുകര ബ്രാഞ്ചുകൾക്കുവേണ്ടി നിർമിച്ച നായനാർ മന്ദിരം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്‌തു. സമാനതകളില്ലാത്ത വികസന–- ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനെ എല്ലാനിലയിലും വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിക്കാനാണ് കേന്ദ്ര ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനിയുടെ ധനാഗമ മാർഗങ്ങൾ തടഞ്ഞ് ക്ഷേമപെൻഷൻ വിതരണം അട്ടിമറിക്കാനുള്ള നീക്കം ഒടുവിലത്തേതാണ്. ഇതുകൊണ്ടൊന്നും ഈ സർക്കാരിന്റെ ഇച്ഛാശക്തിയെയോ ജനപക്ഷ നിലപാടുകളെയോ തടയാനാവില്ലെന്നും എം. വി ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് അധ്യക്ഷനായി. മുരളി സ്മാരക വായനശാലയുടെ ഉദ്ഘാടനം മാടായി ഏരിയാ സെക്രട്ടറി കെ പത്മനാഭനും ഫോട്ടോ അനാഛാദനം സി എം വേണുഗോപാലനും നിർവഹിച്ചു. കൊടിമരം എ വി രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. വിവിധ മേഖലകളിൽ അംഗീകാരം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. കെ സി തമ്പാൻ സ്വാഗതം പറഞ്ഞു. തുടർന്ന് കലാസന്ധ്യ അരങ്ങേറി.