യൂത്ത് കോണ്‍ഗ്രസില്‍ പുതിയ പ്രസിഡന്റിനായുള്ള ചര്‍ച്ചകള്‍ സജീവം; ഷാഫിക്ക് ശേഷം ആര്?

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ സ്ഥാനത്തേക്ക് വടംവലി. പ്രവൃത്തി പരിചയമുള്ളയാളെ പ്രസിഡന്റാക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം. സമവായം വേണ്ട, സംഘടനാ തിരഞ്ഞെടുപ്പ് മതിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സമ്മേളനം വരെ പ്രസിഡന്റായി ഷാഫി പറമ്പില്‍ തുടരുമെന്ന് ഉറപ്പാണ്. ഷാഫിക്ക് ശേഷം ആര് എന്നതാണ് ചോദ്യം. അണിയറ ചര്‍ച്ചകളും ചരടുവലികളും ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു.
സംസ്ഥാന കമ്മിറ്റി ചേരുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുണ്ടാകുന്ന വിമര്‍ശനങ്ങള്‍ ചെറുതല്ല. ഷാഫി പദവി ഒഴിഞ്ഞാല്‍ പ്രസിഡന്റാകാന്‍ സാധ്യതയുള്ളവരുടെ പേരുകള്‍ നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെ എ ഗ്രൂപ്പ് പക്ഷം യൂത്ത് കോണ്‍ഗ്രസ് ദേശീയ കോഓര്‍ഡിനേറ്റര്‍ ജെ.എസ്. അഖിലിന്റെ പേരാണ് മുന്നോട്ടുവയ്ക്കുന്നത്. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് സ്ഥാനമടക്കം പല പദവികളും അവസാനം നിമിഷം തട്ടിത്തെറിപ്പിക്കപ്പെട്ടു പോയതും സംഘടനാ പ്രവര്‍ത്തനങ്ങളിലെ അനുഭവസമ്പത്തും അഖിലിന് അനുകൂല ഘടകമാണ്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ തന്റെ പിന്‍ഗാമിയാക്കാനൊരുങ്ങുകയാണ് ഷാഫി പറമ്പില്‍. അതിനെതിരേ സംസ്ഥാന കമ്മിറ്റിയിലും കടുത്ത വികാരമാണുണ്ടായത്. ചാനല്‍ ചര്‍ച്ചകളില്‍ തിളങ്ങുന്ന രാഹുല്‍ സംസ്ഥാന വക്താവായി പ്രവര്‍ത്തിക്കുന്നതാണ് സംഘടനയ്ക്ക് കൂടുതല്‍ ഗുണം ചെയ്യുകയെന്ന് ഒരു വിഭാഗം പറയുന്നു.
സംഘടനാ രംഗത്ത് പരിചയസമ്പത്തുള്ള ബിനു ചുള്ളിയില്‍, കെ.എം. അഭിജിത്ത്, മഞ്ജുക്കുട്ടന്‍ എന്നിവരുടെ പേരും നേതാക്കള്‍ക്കിടയിലെ ചര്‍ച്ചയിലുണ്ട്. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ആരെ പിന്തുണയ്ക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് നടത്തി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുത്താല്‍ മതിയെന്ന തീരുമാനത്തിലാണ് അഖിലേന്ത്യാ നേതൃത്വം.