വഴിയരികില്‍ കിടന്ന മദ്യം കുടിച്ച് ചികിത്സയിലിരുന്നയാള്‍ മരിച്ചു; മദ്യത്തില്‍ കീടനാശിനി

ഇടുക്കി: അടിമാലിയില്‍ വഴിയരികില്‍ കിടന്ന് കിട്ടിയ മദ്യം കുടിച്ച് ചികിത്സയിലിരുന്നയാള്‍ മരിച്ചു. അപ്‌സരക്കുന്ന് സ്വദേശി കുഞ്ഞുമോന്‍ (40) ആണ് മരിച്ചത്. സുഹൃത്തുക്കളായ പുത്തന്‍പറമ്പില്‍ അനു (38), കീരിത്തോട് മഠപറമ്പില്‍ മനോജ് (26) എന്നിവര്‍ക്കൊപ്പമാണ് കുഞ്ഞുമോന്‍ മദ്യം കുടിച്ചത്. ഇരുവരും ചികിത്സയിലാണ്.
മൂന്നുപേരും കഴിച്ച മദ്യത്തില്‍ കീടനാശിനി കലര്‍ന്നിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ജനുവരി എട്ടിനാണ് സംഭവം. അടിമാലി അപ്‌സരക്കുന്നില്‍ വെച്ച് യുവാക്കളുടെ സുഹൃത്തിനാണ് മദ്യക്കുപ്പി കളഞ്ഞുകിട്ടിയത്. ഇയാള്‍ ഈ കുപ്പിയുമായി യുവാക്കളുടെ അടുത്തേക്ക് എത്തുകയും ഇവര്‍ക്ക് നല്‍കുകയുമായിരുന്നു.
മദ്യം കഴിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതോടെ മൂവരും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ആരോഗ്യനില മോശമായതോടെ കുഞ്ഞുമോനെ നേരത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യത്തില്‍ കീടനാശിനി എങ്ങനെ കലര്‍ന്നുവെന്നാണ് സംശയം. ഇവര്‍ക്ക് മദ്യം നല്‍കിയ ആളെ നേരത്തെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു.