ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് തേടി സുപ്രീം കോടതിയെ സമീപിച്ച കേരളത്തിന് ഇന്ന് നിര്‍ണായകം. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഇളവ് തേടി കേന്ദ്രം നല്‍കിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
കേന്ദ്രത്തിന്റെ അപേക്ഷയില്‍ കക്ഷിചേരാന്‍ സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് സുപ്രീം കോടതിയില്‍ കക്ഷി ചേരാന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കേന്ദ്രത്തിന്റെ അപേക്ഷ ഭേദഗതിയും വ്യക്തതയും ഇളവും തേടി
2022 ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച വിധിയില്‍ ഭേദഗതിയും വ്യക്തതയും ഇളവും തേടിയാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിധിയിലെ 44 എ, 44 ഇ ഖണ്ഡികകളില്‍ വ്യക്തതയും ഭേദഗതിയും വരുത്തുന്നതിനുള്ള അപേക്ഷയാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്നത്. ഈ അപേക്ഷയിലാണ് കരട്, അന്തിമ വിജ്ഞാപനങ്ങള്‍ പുറത്തിറക്കിയ പ്രദേശങ്ങളെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
വിധിയിലെ നിര്‍ദേശവും കേന്ദ്രം ആവശ്യപ്പെടുന്നതും
വിധിയിലെ നിര്‍ദേശം 44 എ: എല്ലാ സംരക്ഷിതവനത്തിലും ദേശീയ ഉദ്യാനത്തിലും വന്യമൃഗസംരക്ഷണ കേന്ദ്രത്തിലും കുറഞ്ഞത് ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല (ബഫര്‍ സോണ്‍) ആയി നിലനിര്‍ത്തണം. ഇത്തരത്തില്‍ സംരക്ഷിതവനമായി അടയാളപ്പെടുത്തുന്ന അതിര്‍ത്തി മുതലാണ് അളന്ന് നിശ്ചയിക്കേണ്ടത്. ഈ മേഖലയില്‍ 2011 ഫെബ്രുവരി ഒമ്പതിന് പുറത്തിറക്കിയ നിര്‍ദേശപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പാലിക്കണം.
കേന്ദ്രം ആവശ്യപ്പെടുന്നത്: ഈ നിര്‍ദേശം നടപ്പാക്കുന്നത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികളില്‍ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ബാധകമാക്കരുത്. അതുപോലെ ഒരേ അതിര്‍ത്തികള്‍ പങ്കിടുന്ന വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ബാധകമാക്കരുത്.
വിധിയിലെ നിര്‍ദേശം 44 ഇ: 2011 ഫെബ്രുവരി ഒമ്പതിലെ മാര്‍ഗനിര്‍ദേശപ്രകാരം നിരോധിക്കാത്ത പ്രവര്‍ത്തനങ്ങള്‍ ഈ മേഖലകളില്‍ നടക്കുന്നുണ്ടെങ്കില്‍, അതത് സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരുടെ അനുമതിയോടെ ഇവ തുടരാം. ആറുമാസത്തിനുള്ളില്‍ അനുമതി വാങ്ങിയിരിക്കണം. പ്രവര്‍ത്തനങ്ങള്‍ നിരോധനപട്ടികയുടെ പരിധിയില്‍ വരുന്നവയല്ലെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടാല്‍മാത്രമേ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനുമതിനല്‍കൂ. കരുതല്‍ മേഖലയില്‍ പുതുതായി ഒരു നിര്‍മാണപ്രവര്‍ത്തനവും അനുവദിക്കില്ല.
കേന്ദ്രം ആവശ്യപ്പെടുന്നത്: ഈ ഖണ്ഡികയിലെ നിര്‍ദേശം പൂര്‍ണ്ണമായും ഭേദഗതി ചെയ്യണം. കേന്ദ്രം ആവശ്യപ്പെടുന്ന ഇളവ്: കരട്, അന്തിമ വിജ്ഞാപനങ്ങള്‍ പുറത്തിറക്കിയ പ്രദേശങ്ങളെ 2022 ജൂണ്‍ മൂന്നിലെ വിധിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കണം. വിജ്ഞാപനം ഇറക്കുന്നതിനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള മേഖലകള്‍ക്കും ഇളവ് അനുവദിക്കണം.
കേരളത്തിന്റെ ആവശ്യം
കേരളത്തിലെ 17 വന്യ ജീവി സങ്കേതങ്ങളുടെയും 6 ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇതില്‍ പെരിയാര്‍ ദേശീയ ഉദ്യാനം, പെരിയാര്‍ വന്യ ജീവി സങ്കേതം എന്നിവയില്‍ ഒഴിച്ച് മറ്റ് എല്ലാത്തിലും കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അതിനാല്‍ ജൂണ്‍ മൂന്നിലെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് 23 സംരക്ഷിത മേഖലകളെ ഒഴിവാക്കണം.
വന്യ ജീവി സങ്കേതങ്ങളുടെയും ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും സമീപത്തുള്ള ജനവാസ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇളവ് നല്‍കണം.
കേരളത്തിന്റെ വാദം
ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി ജനങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയെന്ന് കേരളം. വയനാട്, ഇടുക്കി കുമിളി, മൂന്നാര്‍, നെയ്യാര്‍, പാലക്കാട്, റാന്നി തുടങ്ങിയ മേഖലകലയിലെ ജനങ്ങള്‍ക്ക് ഇടയിലാണ് അരക്ഷിതാവസ്ഥ ഉണ്ടാക്കിയെന്ന് സംസ്ഥാനം.
ബഫര്‍ സോണില്‍ സ്ഥിര നിര്‍മ്മാണങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്ന വിധി നടപ്പാക്കാന്‍ പ്രയാസമാണ്. ഇത്തരം ഒരു നിരോധനം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും.