പുതുക്കാട്(തൃശ്ശൂര്‍): സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പുകേസില്‍ പ്രവീണ്‍ റാണയുടെ ജീവനക്കാരന്‍ അറസ്റ്റില്‍. റാണയുടെ സ്ഥാപനത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് വെളുത്തൂര്‍ സ്വദേശി സതീഷ് (38) ആണ് അറസ്റ്റിലായത്. വിയ്യൂര്‍ എസ്.ഐ. കെ.സി. ബൈജുവിന്റെ നേതൃത്വത്തിലാണ് സതീഷിനെ അറസ്റ്റ് ചെയ്തത്.
സതീഷിന്റെ മൊഴിപ്രകാരം റാണയുടെ കമ്പനിയിലെ രേഖകള്‍ സൂക്ഷിച്ചിരുന്ന പുതുക്കാട് പാഴായിയിലെ വീട്ടില്‍ പോലീസ് ഇയാളുമായെത്തി പരിശോധന നടത്തി. ധാരാളം പ്രധാന രേഖകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇവിടത്തെ രണ്ട് മുറികളിലായാണ് രേഖകള്‍ സൂക്ഷിച്ചിരുന്നത്. ഒരുവര്‍ഷംമുന്‍പ് വാടകയ്‌ക്കെടുത്ത വീട്ടില്‍ ഇപ്പോള്‍ ആരും താമസിക്കുന്നില്ല. ഇലക്ട്രിക് ഗോഡൗണിനുവേണ്ടിയെന്ന് പറഞ്ഞാണ് വീട് വാടകയ്‌ക്കെടുത്തതെന്ന് പോലീസ് പറഞ്ഞു.
പ്രവീണ്‍ റാണയ്ക്കായി തൃശ്ശൂര്‍ പോലീസ് കണ്ണൂരിലും തിരച്ചില്‍ നടത്തി. സ്ഥാപനത്തിന്റെ കണ്ണൂര്‍ ശാഖയിലും പരിശോധന നടത്തി.കെ.വി.ആര്‍. ടവറിന്റെ മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ തിങ്കളാഴ്ച തൃശ്ശൂരില്‍നിന്നെത്തിയ പോലീസ് സംഘം റെയ്ഡ് നടത്തിയിരുന്നു. കണ്ണൂരിലും കമ്പനി വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇത്. കംപ്യൂട്ടറും രേഖകളും പിടിച്ചെടുത്തു.
പ്രവീണ്‍ റാണ കൊച്ചിയിലുണ്ടെന്ന് നിഗമനം
കൊച്ചി: പ്രവീണ്‍ റാണയ്ക്കായി കൊച്ചിയില്‍ തിരച്ചില്‍ ശക്തമാക്കി തൃശ്ശൂര്‍ പോലീസ് സംഘം. പ്രവീണ്‍ കൊച്ചിയില്‍ തന്നെയുണ്ടെന്നാണ് പോലീസിനു കിട്ടിയ വിവരം. സുഹൃത്തുക്കള്‍, മറ്റ് ബിസിനസ് പങ്കാളികള്‍ എന്നിവരുടെ ഓഫീസുകളിലും മറ്റ് കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഇയാള്‍ കഴിഞ്ഞ ദിവസം ചിലവന്നൂരിലെ ഫ്‌ലാറ്റില്‍നിന്ന് കാറില്‍ രക്ഷപെട്ടെങ്കിലും ജില്ല വിട്ടുപോയിട്ടില്ലെന്നാണ് കരുതുന്നത്. തൃശ്ശൂര്‍ പോലീസ് സംഘം ഇപ്പോഴും കൊച്ചിയില്‍ തുടരുകയാണ്.
പ്രവീണ്‍ റാണയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധമുണ്ടോയെന്ന കാര്യം പരിശോധിക്കുന്നുണ്ട്. ഇയാള്‍ക്ക് കൊച്ചി നഗരത്തില്‍ ഒന്നിലധികം ഫ്‌ലാറ്റുകളുണ്ട്.
മുമ്പ് കൊച്ചിയില്‍ രണ്ട് മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് ലഹരി ഇടപാടില്‍ പോലീസ് പരിശോധന നടത്തിട്ടുള്ള ഫ്‌ലാറ്റില്‍ ഇയാള്‍ സ്ഥിരമായി എത്തിയിരുന്നതായും വ്യക്തമായി. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ബാറുകളിലും ഇയാള്‍ക്ക് പങ്കാളിത്തമുണ്ട്. കൊച്ചി നഗരത്തില്‍ പലയിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപവുമുണ്ട്.
കോടികള്‍ മുടക്കി കല്യാണം, ആല്‍ബത്തിന് 25 ലക്ഷം…
തൃശ്ശൂര്‍: വ്യാപാരം തകരുകയാണെന്നറിഞ്ഞിട്ടും പ്രവീണ്‍ റാണ കല്യാണം ആഘോഷമാക്കി. ഇതിനായി കോടിക്കണക്കിന് രൂപ ചെലവിട്ട് ആഡംബരമായി ചടങ്ങ് നടത്തി. 2022 ജനുവരി ഒന്നിനായിരുന്നു വിവാഹം. വിവാഹത്തിനും സത്കാരത്തിനുമിടയില്‍ മൂന്നരമാസത്തെ ഇടവേള നല്‍കി. ഇക്കാലത്ത് കേരളമൊട്ടുക്കും സഞ്ചരിച്ച് പാതയോരങ്ങളില്‍ അന്നദാനം നടത്തി. ഇത് സാമൂഹികമാധ്യമങ്ങളില്‍ പണം മുടക്കി പ്രചരിപ്പിച്ചു. ഇതോടെ സേഫ് ആന്‍ഡ് സ്‌ട്രോങ് കമ്പനിയുടെ വിശ്വാസ്യത ഉയര്‍ന്ന് കോടികളുടെ നിക്ഷേപമെത്തി.
റാണ വിവാഹസത്കാരം നടത്തിയത് 2022 ഏപ്രില്‍ പതിനഞ്ചിനാണ്. ഈട്ടിത്തടിയില്‍ നിര്‍മിച്ച ആല്‍ബമാണ് ഒരുക്കിയത്. പെട്ടിക്കും തടിയില്‍ കൊത്തിയെടുത്ത ചിത്രങ്ങളുള്ള ആല്‍ബത്തിനും 25 ലക്ഷമാണ് ചെലവിട്ടത്. അഞ്ചടിയോളം ഉയരമുണ്ട് ആല്‍ബം പെട്ടിക്ക്. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ആല്‍ബമാണെന്ന് പ്രചാരണവും നല്‍കി. സത്കാരത്തില്‍ പ്രമുഖരെ ക്ഷണിച്ചുവരുത്തി ചിത്രമെടുത്ത് പ്രചരിപ്പിച്ചു.
തട്ടിപ്പിന് കൂട്ടുനിന്നവര്‍ക്കും കമ്പനിയിലെ വിശ്വസ്തര്‍ക്കും ഐ ഫോണും വിദേശയാത്രയും നല്‍കി. ഇതിനിടെ സ്വന്തം പേരിലുള്ള വസ്തുക്കള്‍ ബിനാമികളുെട പേരിലേക്ക് മാറ്റി.
കല്യാണത്തിനുശേഷമാണ് നിക്ഷേപകരുടെ പണം തിരികെ കൊടുക്കാതിരുന്നത്. കല്യാണച്ചെലവുകള്‍ ഭീമമായെന്നും അല്പം പ്രതിസന്ധിയാണെന്നും കാണിച്ച് ഒക്ടോബര്‍ വരെ നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ നിക്ഷേപകരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് നവംബറില്‍ യോഗം വിളിച്ചു. പുതിയ സിനിമയുടെ റിലീസ് കഴിഞ്ഞാല്‍ പണം മുഴുവന്‍ നിക്ഷേപകര്‍ക്ക് മടക്കിനല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതു വിശ്വസിച്ചവര്‍ വഞ്ചിതരായി.