നഗരസഭാ സെക്രട്ടറിയെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു

തളിപ്പറമ്പ്: ബോർഡുകളും തോരണങ്ങളും നീക്കം ചെയ്യുന്നതിൽ പക്ഷപാതം കാണിക്കുന്നു എന്നാരോപിച്ച് തളിപ്പറമ്പ് നഗരസഭാ സെക്രട്ടറി കെ.പി സുബൈറിനെ ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും തോരണങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിർദ്ദേശം തളിപ്പറമ്പ് നഗരസഭയിൽ ശക്തമായി നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി രൂപീകരിച്ച മേണിറ്ററിംഗ് സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നഗരത്തിലെ ബോർഡുകൾ മുഴുവൻ നീക്കം ചെയ്തിരുന്നു.എന്നാൽ ബോർഡുകൾ നീക്കം ചെയ്യുന്നതിൽ പക്ഷപാതം കാണിക്കുകയാണ് എന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം.
കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും ബോർഡുകൾ നീക്കം ചെയ്തപ്പോൾ സി.പി.എമ്മിന്റെ ബോർഡുകൾ സ്ഥാപിക്കുന്നത് തടയാതിരിക്കുന്നത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനം കൂടിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് തളിപ്പറമ്പ് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചത്.
ഒടുവിൽ തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുഴുവൻ കോൺഗ്രസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റിനിടയിൽ പ്രവർത്തകരും പൊലിസും തമ്മിൽ വാക്കേറ്റവും പിടിവലിയും നടന്നു.തളിപ്പറമ്പ് നഗരസഭാ സെക്രട്ടറി കെ.പി സുബൈറിനെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചപ്പോൾ