സി.പി.എം ലോക്കൽ സെക്രട്ടറിയുടെ ഭീഷണിക്ക് പിന്നാലെ സമരപ്പന്തൽ കത്തിയ നിലയിൽ; പിന്നിൽ ആരെന്ന് വ്യക്തമല്ല

Share our post

കണ്ണൂർ: കാങ്കോൽ ആലപടമ്പ് പഞ്ചായത്തിലെ രണ്ടാം വാർഡ് കരിയാപ്പിലെ മത്സ്യസംസ്കരണ യൂനിറ്റിനു മുന്നിലെ സമരപ്പന്തൽ കത്തിച്ചനിലയിൽ. ഇന്നലെ രാത്രിയാണ് പന്തൽ തീയിട്ടത്. സംഭവത്തിനു പിന്നിൽ ആരെന്ന് വ്യക്തമായില്ല. അനധികൃത മൽസ്യകമ്പനിക്കെതിരെ നാട്ടുകാർ സമരത്തിലാണ്.

കമ്പനിയിൽ നിന്ന് പുറംന്തള്ളുന്ന മാലിന്യം ആലപ്പടമ്പ് മുതൽ കവ്വായി കായൽ വരെയുള്ള ജലാശയങ്ങളെ മുഴുവൻ മലിനമാക്കുകയാണ്. ദുർഗന്ധം നിമിത്തം വീടുകളിൽ നിന്ന് ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് സമരം.

സ്ഥലം എം.എൽ.എ ടി.ഐ. മധുസൂദനനെതിരേ ഓൺലൈൻ പോർട്ടലിൽ വന്ന വാർത്ത വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത സമരസമിതി കൺവീനർ ജോബി പീറ്ററിനെ സി.പി.എം. ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ സംഭവം. സി.പി.എം ആലപ്പടമ്പ് വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി. വിജയൻ ഫോണിൽ ഭീണഷിപ്പെടുത്തിയെന്ന് കാണിച്ച് ഇദ്ദേഹം പെരിങ്ങോം പൊലീസിൽ പരാതി നൽകിയിരുന്നു.

മത്സ്യ സംസ്കരണ യൂനിറ്റിനെതിരെ സമരം നടക്കുന്നതിനാൽ കരിയാപ്പിൽ സി.പി.എം സംഘടിപ്പിക്കുന്ന ഗൃഹസന്ദർശന പരിപാടിയിൽ എം.എൽ.എയെത്തില്ല എന്നായിരുന്നു ഷെയർ ചെയ്ത വാർത്ത. ​‘വാർത്ത പിൻവലിച്ചില്ലെങ്കിൽ ചിത്രം മാറും. ഈ പ്രസ്ഥാനം വളർന്നത് എങ്ങനെയെന്ന് അറിയോ നിനക്ക്’ എന്നായിരുന്നു ഭീഷണി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!