165 വർഷം പഴക്കം, 21 മുറികൾ; ‘ജഡ്ജ് ബംഗ്ലാവ്’ ഇനി മുതൽ ‘സമൃദ്ധി അറ്റ് ജഡ്ജസ്’

കണ്ണൂര്‍: ധര്‍മടം മേലൂരിലെ ‘ജഡ്ജ് ബംഗ്ലാവ്’ എന്ന വീട് ഇനി ടൂറിസ്റ്റ് ഹെറിറ്റേജ് ബംഗ്ലാവായി മാറും. സ്വാതന്ത്ര്യസമരസേനാനി ധര്‍മടം മേലൂരിലെ പരേതനായ രൈരുനായരുടെ 165 വര്‍ഷം പഴക്കമുള്ള വീടാണ് ജഡ്ജ് ബംഗ്ലാവ്. ‘സമൃദ്ധി അറ്റ് ജഡ്ജസ്’ എന്ന പേരിലാണ് ഇത് ഇനി അറിയപ്പെടുക.
പൈതൃക ടൂറിസവും ഉത്തരവാദിത്വ ടൂറിസവും വഴി വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ചരിത്രപ്രസിദ്ധമായ ജഡ്ജ് ബംഗ്ലാവ് പുതിയ മാറ്റത്തിലേക്ക് വഴിമാറുന്നതെന്ന് രൈരുനായരുടെ മകളും പദ്ധതിയുടെ എം.ഡി.യുമായ ഡോ. പ്രീതാ ചാത്തോത്ത് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പടിപ്പുരയും വിശാലമായ അകത്തളങ്ങളും ഇരുഭാഗത്തും വലിയ മുറ്റങ്ങളുമുള്ള ജഡ്ജ് ബംഗ്ലാവില്‍ 21 വലിയ മുറികളുണ്ട്. തുടക്കത്തില്‍ എട്ട് മുറികളാണ് സഞ്ചാരികള്‍ക്കായി സജ്ജീകരിച്ചത്.
പൈതൃകസംരക്ഷണത്തിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടത്തിന് ഒരുമാറ്റവും വരുത്തില്ല. രൈരുനായര്‍ക്ക് നേതാജി സുഭാഷ് ചന്ദ്രബോസ് സമ്മാനിച്ച കൂറ്റന്‍ മണ്‍കൂജ ഈ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രമുഖരായ രാഷ്ട്രീയ-സാംസ്‌കാരിക നായകന്‍മാര്‍ ഈ വീട് സന്ദര്‍ശിച്ചതിന്റെ ഓര്‍മച്ചെപ്പുകളും അവിടെ പ്രദര്‍ശിപ്പിക്കും.
പല സിനിമകളും ടെലിഫിലിമുകളും ഷൂട്ട് ചെയ്ത വീടാണിത്. നാടിന്റെ തനത് സംസ്‌കാരത്തെ വിദേശികള്‍ക്ക് പരിചയപ്പെടുത്തുക കൂടിയാണ് പൈതൃക ടൂറിസത്തിന്റെ ലക്ഷ്യം. ഇവിടെ കള്ളുചെത്ത്, ദിനേശ്ബീഡി നിര്‍മാണം, നെയ്ത്ത്, പുഴയാത്ര, മീന്‍പിടിക്കല്‍, തെയ്യം കലാരൂപങ്ങള്‍ എന്നിവയെല്ലാം കാണാനും പരിശിലിക്കാനും വിദേശസഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കഴിയുമെന്ന് ഡോ. പ്രീത ചാത്തോത്ത് പറഞ്ഞു.
നിലവില്‍ ‘അറ്റ് മൈ പ്ലെയ്സ് ഹോട്ടല്‍സ്’ എന്ന ഗ്രൂപ്പില്‍ സമൃദ്ധി അറ്റ് ജഡ്ജസ് ബംഗ്ലാവ് അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.