ദക്ഷിണേന്ത്യയിലെ പ്ലാന്റ് ഏറ്റെടുക്കുന്നു: ഐ ഫോണ്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ടാറ്റ

Share our post

ആപ്പിളിനുവേണ്ടി ഐ ഫോണ്‍ ഇനി ടാറ്റ ഇന്ത്യയില്‍ നിര്‍മിക്കും. ദക്ഷിണേന്ത്യയിലെ നിര്‍മാണ പ്ലാന്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഫാക്ടറി ഉടമകളായ തയ്‌വാനിലെ വിസ്‌ട്രോണ്‍ കോര്‍പ്പറേഷനുമായി മാസങ്ങളായി ചര്‍ച്ചകള്‍ തുടര്‍ന്നുവരികയായിരുന്നു. മാര്‍ച്ച് അവസാനത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയേക്കും.

ഐഫോണുകളുടെ ഘടകഭാഗങ്ങള്‍ സംയോജിപ്പിക്കുന്നത് പ്രധാനമായും പ്രമുഖ തയ്‌വാന്‍ കമ്പനികളായ വിസ്‌ട്രോണും ഫോക്‌സ്‌കോണ്‍ ടെക്‌നോളജീസുമാണ്. യുഎസുമായുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളും കോവിഡ് മൂലമുള്ള തടസ്സങ്ങളും മൂലം ചൈനയിലെ ഇലക്ട്രോണിക് വ്യവസായം പ്രതിസന്ധിനേരിട്ടപ്പോള്‍ അവരുടെ ആധിപത്യം അവസാനിപ്പിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ക്ക് ടാറ്റയുടെ ഇടപെടല്‍ ശക്തിപകരും.

ലോകത്തെതന്നെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍, ചൈനയെ പരിധിവിട്ട് ആശ്രയിക്കുന്നതില്‍നിന്ന് പിന്മാറുകയാണ്. കോവിഡിനെതുടര്‍ന്ന് വിതരണ ശൃംഖലയിലുണ്ടായ തടസ്സവും മറ്റുംമൂലം ഉപകരണങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടതാണ് കാരണം.

വിസ്‌ട്രോണിന്റെ 2.2 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫാക്ടറി ബാംഗ്ലൂരില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ഹൊസൂരിലാണ് പ്രവര്‍ത്തിക്കുന്നത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ ഫാക്ടറിയിലെ 10,000 തൊഴിലാളികളും രണ്ടായിരം എന്‍ജിനയര്‍മാരും ടാറ്റയുടെ ഭാഗമാകും. ഇന്ത്യയിലെ ഐഫോണുകളുടെ സേവന പങ്കാളിയായി വിസ്‌ട്രോണ്‍ തുടരും. ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന മൂന്ന് കമ്പനികളിലൊന്നാണ് വിസ്‌ട്രോണ്‍. ഫോക്‌സകോണും പെഗാട്രോണുമാണ് മറ്റ് കമ്പനികള്‍.

ഐ.ടി ഓഹരികൾ ഉപേക്ഷിച്ച് വിദേശ നിക്ഷേപകർ: …
രാജ്യത്ത് 100 ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കാനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്. ഇതില്‍ ആദ്യത്തെ ഷോറും മാര്‍ച്ച് പാദത്തില്‍തന്നെ മുംബൈയില്‍ തുടങ്ങും. 150 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ടാറ്റ രാജ്യത്ത് ഉപ്പു മുതല്‍ ജ്വാഗ്വാര്‍ കാറുകള്‍വരെ നിര്‍മിക്കുന്നു. എയര്‍ലൈന്‍(എയര്‍ ഇന്ത്യ), ഐടി(ടിസിഎസ്) എന്നീ മേഖലകളിലും കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. രണ്ടുവര്‍ഷത്തിനിടെ ഇ-കൊമേഴ്‌സ് രംഗത്തും(ടാറ്റ ന്യൂ) കമ്പനി സജീവമായിക്കഴിഞ്ഞു. ചിപ്പ് നിര്‍മാണ മേഖലിയലേക്കും കമ്പനി ചുവടുവെയ്ക്കുമെന്ന് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!