ബജറ്റിൽ ‘ചീറിപ്പായാൻ’ ഹൈഡ്രജൻ ട്രെയിനുകൾ; ആദ്യ സർവീസ് ഡിസംബറിൽ

Share our post

പാലക്കാട് : ഈ വർഷത്തെ ബജറ്റിൽ ഹൈഡ്രജൻ ട്രെയിനുകൾ പ്രഖ്യാപിക്കാൻ റെയിൽ മന്ത്രാലയം ഒരുങ്ങുന്നു. 20 പുതിയ ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നതിനു തയാറെടുക്കാൻ മന്ത്രാലയം റെയിൽവേ അധികൃതർക്കു നിർദേശം നൽകി. ബജറ്റിൽ 300 പുതിയ മെമു ട്രെയിനുകൾ പ്രഖ്യാപിക്കാനും ശ്രമിക്കുന്നുണ്ട്.

ഹൈഡ്രജൻ ട്രെയിൻ അടുത്ത സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിക്കാനാണ് ആലോചിച്ചതെങ്കിലും പൊതുതിരഞ്ഞെടുപ്പിനു മുൻപുള്ള അവസാനത്തെ പൂർണ ബജറ്റിൽ പുതിയ നേട്ടം പ്രഖ്യാപിക്കണമെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഈ വർഷം ഡിസംബറിൽ തന്നെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാനും ഉദ്ദേശിക്കുന്നു. ഹരിയാനയിലെ സോനിപതിൽ നിന്നു ജിൻഡിലേക്ക് 89 കിലോമീറ്റർ ദൂരമാകും ആദ്യ സർവീസ്.

പൂർണമായും ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിൻ ഒട്ടും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കില്ല എന്നതാണു പ്രധാന നേട്ടം. ഭാവിയിൽ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഇന്ത്യയിൽ തന്നെ ഇത്തരം ട്രെയിനുകൾ നിർമിക്കാനുള്ള കഠിനപ്രയത്നത്തിലാണു റെയിൽവേ.

അതേസമയം, മന്ത്രാലയത്തിന്റെ ആവശ്യത്തിനനുസരിച്ചു വന്ദേഭാരത് കോച്ചുകൾ നിർമിക്കാൻ കഴിയാത്തതു റെയിൽവേയെ വിഷമത്തിലാക്കിയിട്ടുണ്ട്. അടുത്ത ഓഗസ്റ്റ് 15നു മുൻപ് 75 വന്ദേഭാരത് എക്സ്പ്രസുകൾ ഓടിക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ 7 ട്രെയിനുകൾ മാത്രമാണു പുറത്തിറക്കാനായത്. ബജറ്റിൽ പുതിയ 300 വന്ദേഭാരത് ട്രെയിനുകൾ കൂടി പ്രഖ്യാപിക്കാനാണു മന്ത്രാലയം ഒരുങ്ങുന്നത്. വന്ദേഭാരത് കോച്ച് നിർമാണത്തിനു പണം തടസ്സമാകരുതെന്നു കർശന നിർദേശമുണ്ട്. എങ്കിലും, തമിഴ്നാട്ടിലെ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി മുഴുവൻ സമയവും പ്രവർത്തിച്ചിട്ടും ആവശ്യത്തിനു കോച്ചുകൾ നിർമിക്കാൻ കഴിയുന്നില്ല.

പ്രവർത്തനം ഇങ്ങനെ

ഫ്യൂവൽ സെല്ലുകളിലാണു ട്രെയിൻ പ്രവർത്തിക്കുക. ഇതിനുള്ളിൽ ഹൈഡ്രജനും ഓക്സിജനും രാസസംയോജനം നടത്തി വൈദ്യുതി ഉൽപാദിപ്പിക്കും. ഈ വൈദ്യുതിയിലാണു ട്രെയിൻ ഓടുക. പ്രവർത്തനത്തിന്റെ അവശിഷ്ടമായ വെള്ളം നീരാവി രൂപത്തിൽ അന്തരീക്ഷത്തിലേക്കു പുറന്തള്ളും. ആവശ്യത്തിലധികം ഊർജം ഉൽപാദിപ്പിച്ചാൽ അതു ട്രെയിനിലുള്ള പ്രത്യേക ലിഥിയം ബാറ്ററിയിൽ ശേഖരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!