അതിവേഗം ആറുവരിപ്പാത

Share our post

തലശേരി: ആറുവരിപ്പാത നിർമാണം അതിവേഗം പുരോഗമിക്കുമ്പോൾ ദേശീയപാത അടിമുടി മാറുകയാണ്‌. പാലങ്ങൾ, കലുങ്കുകൾ, മേൽപാലങ്ങൾ എന്നിവയുടെ നിർമാണത്തിനൊപ്പം ടാറിങ്ങും പുരോഗമിക്കുന്നു. മുഴപ്പിലങ്ങാട്‌ മുതൽ ജില്ലാ അതിർത്തിയായ കാലിക്കടവ്‌ വരെ ഒരേ സമയമാണ്‌ പ്രവൃത്തി. കണ്ണൂർ, തളിപ്പറമ്പ്‌ ബൈപാസുകളുടെ നിർമാണവും ഇതേ സമയമുണ്ട്‌. പാത കടന്നുപോകുന്ന പ്രദേശങ്ങളിലെല്ലാം തിരിച്ചറിയാനാവാത്ത മാറ്റം.

പാതയുടെ ഇരുഭാഗത്തും ഓവുചാൽ നിർമാണവും പൂർത്തിയാകുന്നു. മുഴപ്പിലങ്ങാട്‌ മുതൽ ചാലവരെയുള്ള ഭാഗത്ത്‌ റോഡ്‌ മണ്ണിട്ടുയർത്തുകയാണിപ്പോൾ. സർവീസ്‌ റോഡ്‌ നിർമാണവുമുണ്ട്‌. എടക്കാട്‌ റെയിൽവേ സ്‌റ്റേഷനടുത്ത്‌ അടിപ്പാത നിർമാണം ഒരുഭാഗം പൂർത്തിയായി. ചൊവ്വ കിഴുത്തള്ളി ഭാഗത്ത്‌ മേൽപാലത്തിന്റെ തൂണുകളുടെ നിർമാണവും അതിവേഗത്തിലാണ്‌.

ഇവിടെ മേൽപാലത്തിലൂടെയാണ്‌ പാത കടന്നുപോകുക. പരിസ്ഥിതി സംരക്ഷിച്ചും വളവുകൾ പരമാവധി ഒഴിവാക്കിയുമാണ്‌ പാത നിർമാണം.നീലേശ്വരം – -തളിപ്പറമ്പ്‌ റീച്ചിൽ മേഘ എൻജിനിയറിങ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡും തളിപ്പറമ്പ്‌ മുതൽ മുഴപ്പിലങ്ങാട്‌ വരെ വിശ്വസമുദ്ര എൻജിനിയറിങ്ങുമാണ്‌ പ്രവൃത്തി നടത്തുന്നത്‌. 22 വില്ലേജുകളിലൂടെയാണ്‌ ജില്ലയിൽ ദേശീയപാത കടന്നുപോകുക.

പ്രവൃത്തി പൂർത്തിയാകുമ്പോൾ റോഡ്‌ ഗതാഗതം കൂടുതൽ സുഗമവും സുരക്ഷിതവുമാവും. കണ്ണൂർ, തളിപ്പറമ്പ്‌ തുടങ്ങി പ്രധാന പട്ടണങ്ങളെ ഒഴിവാക്കിയാണ്‌ ദേശീയപാത നിർമാണം.മാഹി, തലശേരി, താഴെചൊവ്വ, കണ്ണൂർ, പുതിയതെരു, തളിപ്പറമ്പ്‌, പയ്യന്നൂർ തുടങ്ങി ഗാതഗതക്കുരുക്ക്‌ തീർക്കുന്ന പട്ടണങ്ങൾ നിലവിൽ ഏറെയാണ്‌ ജില്ലയിൽ.

സുഗമമായ യാത്രക്ക്‌ വഴിയൊരുക്കുകയാണ്‌ ദേശീയപാത വികസനത്തിലൂടെ. അടിസ്ഥാന സൗകര്യ വികസനരംഗത്ത്‌ കണ്ണൂർ കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണിത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!