നാടിന്റെ കൃഷിത്തോട്ടം

കണ്ണൂർ: കാർഷിക വിളകളുടെ സംഗമ ഭൂമിയാണ് തളിപ്പറമ്പിലെ കരിമ്പം ജില്ലാ കൃഷിത്തോട്ടം. രാജ്യത്ത് ഇത്രയേറെ ജൈവ വൈവിധ്യമുള്ള കൃഷിയിടം അപൂർവം. 56.35 ഹെക്ടർ സ്ഥലത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ – -ഫല വൃക്ഷങ്ങളും സസ്യങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും ഔഷധങ്ങളും നാടിന്റെ സമ്പത്താണ്. ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ബ്രീട്ടിഷ് സർക്കാർ നിയമിച്ച ക്ഷാമാന്വേഷണ കമീഷൻ ശുപാർശ പ്രകാരം സസ്യ ശാസ്ത്രജ്ഞനായ ഡോ. ചാൾസ് ആൽബർട്ട് ബാർബർ കുരുമുളക് ഗവേഷണത്തിനായി 1905 ൽ സ്ഥാപിച്ചതാണ് ഈ കൃഷിത്തോട്ടം.
ജില്ലാ പഞ്ചായത്താണ് നിലവിൽ തോട്ടം പരിപാലിക്കുന്നത്. 1996 ലാണ് സംസ്ഥാന സർക്കാർ ഇത് ജില്ലാപഞ്ചായത്തിന് കൈമാറിയത്. ഇതിന് ശേഷമാണ് സംസ്ഥാനത്തെ മികച്ച ഫാമിനുള്ള പുരസ്‌കാരം നേടിയത്. 2005ൽ ജൈവ വൈവിധ്യ കേന്ദ്രമായി പ്രഖ്യാപിച്ചു. ശാസ്ത്രീയ കൃഷിരീതികളിലൂടെ കാർഷിക വികസനത്തിൽ ജില്ലാ കൃഷിത്തോട്ടം വലിയ പങ്കാണ് വഹിക്കുന്നത്. തോട്ടത്തിലെ കാർഷിക ബയോടെക്നോളജി ഡിവിഷൻ ഈ രംഗത്ത് നൽകുന്ന സേവനം വിലമതിക്കാനാവാത്തത്.
വർഷം ലക്ഷക്കണക്കിന് ടിഷ്യൂകൾച്ചർ വാഴത്തൈ ഉൽപ്പാദിപ്പിച്ച് വിതരണം നടത്തുന്നു. റോബസ്റ്റ, ഗ്രാന്റ് നെയിൻ, നേന്ത്ര വാഴ തുടങ്ങിയവയുടെ ടിഷ്യൂകൾച്ചർ തൈകളാണ് ഉൽപ്പാദിപ്പിക്കുന്നത്.ബങ്കനപ്പള്ളി, നീലം, അൽഫോൺസ, കാലാപ്പാടി, ജഹാംഗീർ, ചിന്നരാസ, മൽഗോവ തുടങ്ങി 67 ഇനം മാവുകളുടെ ജനിക ശേഖരമുള്ള ഈ കേന്ദ്രം രാജ്യത്ത് ഏറ്റവും കൂടുതൽ ജനിതക സമ്പത്തുള്ള തോട്ടമാണ്. അത്യുൽപ്പാദന ശേഷിയുള്ള എച്ച്–-45, എച്ച്–-56, എച്ച്–-87, എച്ച്–-151 മാവിൻ തൈകളും ഉൽപ്പാദിപ്പിക്കുന്നു.
വർഷത്തിൽ അമ്പതിനായിരത്തോളം മാവ്, പ്ലാവ്, സപ്പോട്ട ഗ്രാഫ്റ്റ് തൈകളും വിൽക്കാറുണ്ട്. കുരുമുളക്, കശുമാവ്, മാങ്കോസ്‌റ്റിൻ തുടങ്ങിവയുടെ ഗ്രാഫ്‌റ്റ് തൈകളും വിതരണംചെയ്യുന്നു.2021 മുതൽ വിദേശ ഫലവൃക്ഷങ്ങളുടെ പ്രത്യേക തോട്ടവും തുടങ്ങി. റോളിനിയ, അഭിയു, അച്ചാചെരു, വെള്ള സപ്പോട്ട, ബൊറോജോ തുടങ്ങിയവ തോട്ടത്തിൽ സമൃദ്ധമായി വളരുന്നു.
അലങ്കാര കൃഷിയിലുള്ള ജനങ്ങളുടെ താൽപ്പര്യം കണക്കിലെടുത്ത് ഓർണമെന്റൽ നഴ്‌സറി കൃഷി വിപുലീകരിച്ചതായി സൂപ്രണ്ട് കെ കെ സ്‌മിത ഹരിദാസ് പറഞ്ഞു. ഒരേക്കറിൽ ഡ്രാഗൺ കൃഷിയും തുടങ്ങി. അടിസ്ഥാന സൗകര്യ വികസനത്തിന് നബാർഡ് എട്ടുകോടി രൂപ അനുവദിച്ചു. കൃഷിത്തോട്ടത്തിന് ആവശ്യമായ ധനസഹായവും പരിചരണവും മാർഗനിർദേശങ്ങളും നൽകുന്നത് ജില്ലാ പഞ്ചായത്താണ്. ഫോൺ: 9446316913.