നാടിനെ ഞെട്ടിച്ച് യുവാവിന്റെ കൊലപാതകം

കൊട്ടിയം: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നയാളെ കുത്തി കൊലപ്പെടുത്തിയെന്ന വിവരം കണ്ണനല്ലൂർ നോർത്ത് നിവാസികൾ ഞെട്ടലോടെയാണ് ശ്രവിച്ചത്. സംഭവം അറിഞ്ഞ് നിരവധി പേരാണ് ചേരിക്കോണം പബ്ലിക് ലൈബ്രറിക്കടുത്തുള്ള മുകളുവിള വീടിന്റെ പരിസരത്ത് എത്തിയത്. ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
മുൻവൈരാഗ്യത്തിന്റെ പേരിൽ കത്തിയുമായെത്തിയ പ്രതി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന സന്തോഷിനെ വയറ്റിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സന്തോഷിന്റെ സഹോദരപുത്രൻ പതിനേഴുകാരനായ ശരത്തിനും കുത്തേറ്റു.
ഗുരുതരമായ പരിക്കുകളോടെ സന്തോഷ് വീടിന് പുറത്തേത്തിറങ്ങി ഓടി റോഡിൽ കുഴഞ്ഞുവീണപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാതെ നിൽക്കുകയായിരുന്ന പ്രതി പ്രകാശിനെ കണ്ണനല്ലൂർ എസ്.ഐ നുജുമുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊല്ലത്തുനിന്നെത്തിയ ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം ജില്ല ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട സന്തോഷും പ്രകാശും തമ്മിൽ വർഷങ്ങൾക്കു മുമ്പ് അടിപിടി നടന്നിരുന്നു. അന്ന് അടിയേറ്റ പ്രകാശ് ഈ വൈരാഗ്യത്തിന്റെ പേരിലാണ് വീട്ടിൽ കയറി സന്തോഷിനെ കുത്തിയതെന്നാണ് പ്രാഥമിക വിവരം.