തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരുമില്ല. ഭക്ഷ്യ വിഷബാധകൾ തടയാൻ ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ പരിശോധനകൾ പിന്നെങ്ങനെ പര്യാപ്തമാകും? ഫീൽഡിലിറങ്ങാൻ അത്യവശ്യത്തിനെങ്കിലും വാഹനം വേണം. അതുമില്ല. പരിശോധനാ സംവിധാനങ്ങൾ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടുമുള്ള മൂന്നു റീജിയണൽ ലാബുകളിൽ ഒതുങ്ങി. ഈ മൂന്നിടത്തും മൈക്രോ ബയോളജി അക്രഡിറ്റേഷനുമില്ല!
ദുരന്തങ്ങൾക്കു കാരണമാകുന്ന കുഴിമന്തി, ഷവർമ്മ, അൽഫാം എന്നിവയിലെയും ഇറച്ചിയിലെയും ബാക്ടീരിയ ഉൾപ്പെടെയുള്ള സൂക്ഷ്മാണുക്കളുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നതിന് മൈക്രോ ബയോളജി അടിസ്ഥാനമാക്കിയുള്ള ആധുനിക പരിശോധന അനിവാര്യമാണ്. ഈ സംവിധാനം ഒരുക്കാൻ കേന്ദ്ര സർക്കാർ 2021-22 വർഷങ്ങളിലായി ആറുകോടി രൂപ അനുവദിച്ചെങ്കിലും അതു പ്രയോജനപ്പെടുത്തിയില്ല.
നിയോജക മണ്ഡലാടിസ്ഥാനത്തിൽ 140 ഫുഡ് സേഫ്ടി സർക്കിളുകളിൽ ഒരോ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. ഒരു സർക്കിളിൽ മാത്രം രണ്ടായിരത്തിലധികം ഭക്ഷണശാലകൾ ഉണ്ടെന്നാണ് കണക്ക്. രണ്ടു സർക്കിളുകൾക്കാണ് ഒരു വാഹനം.
ഒരു ഓഫീസർ പരിശോധനയ്ക്ക് ഇറങ്ങിയാൽ അടുത്ത സർക്കിളിലെ ഓഫീസർക്ക് പരിശോധന നടത്താനാവില്ല. ഇവർക്കു കീഴിലുള്ള ക്ളാർക്കിനും ഓഫീസ് അസിസ്റ്റന്റിനും മറ്റു പല സർക്കിളുകളുടെ ചുമതലയുമുണ്ട്. ഇതുകാരണം, ഒരു ഓഫീസിൽ ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് കീഴ് ജീവനക്കാരിൽ പലരും ഡ്യൂട്ടിക്കെത്തുന്നത്.
കോടതികളിൽ ഹാജരാകേണ്ടതും പരാതികൾ പരിഹരിക്കേണ്ടതും സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകേണ്ടതും ഈ ഓഫീസറാണ്. ഫലത്തിൽ നേരിട്ടെത്തിയുള്ള പരിശോധനകൾ പലപ്പോഴും പരാതികൾ ഉയരുമ്പോൾ മാത്രം!
9 ജില്ലകളിൽ
ലാബില്ല
ജില്ലാതലത്തിൽ പത്തനംതിട്ടയിലും കണ്ണൂരും മാത്രമാണ് ലാബുള്ളത്. ഒൻപത് ജില്ലകളിൽ ലാബുകളില്ല. 14 ജില്ലകളിലും മൊബൈൽ ലാബുകളുണ്ടെങ്കിലും മായം തിരിച്ചറിയാനുള്ള ചെറിയ പരിശോധനകൾ മാത്രമേ നടത്താനാവൂ.
ശബരിമലയുമായി ബന്ധപ്പെട്ടാണ് പത്തനംതിട്ടയിൽ ലാബ് ആരംഭിച്ചത്. കണ്ണൂരിൽ തുടങ്ങിയത് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ താത്പര്യമെടുത്താണ്. കണ്ണൂരിൽ ഡ്യൂട്ടിക്കുള്ളത് കോഴിക്കോട് റിജ്യണൽ ലാബിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ രണ്ടുപേരാണ്. മൊബൈൽ ലാബിൽ നിന്നുള്ള റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് മാത്രമാണ് ഇവിടെ നടക്കുന്നത്.
ഫലം അറിയാൻ
തിരുവനന്തപുരം 3 മാസംവനന്തപുരം,കോഴിക്കോട്,എറണാകുളം എന്നിവിടങ്ങളിലെ റിജിയണൽ ലാബുകൾക്കു മാത്രമാണ് എൻ.എ.ബി.എച്ച് അംഗീകാരമുള്ളത്.എല്ലാ ജില്ലകളിലെയും ഗൗരവമുള്ള പരിശോധന റീജിയണൽ ലാബുകളിലാണ് നടക്കുന്നത്. ഇതുകാരണം ,
പരിശോധനാഫലം ലഭിക്കാൻ മൂന്നുമാസത്തിലേറെ കാത്തിരിക്കണം. ഫലം ലഭിച്ചാൽ മാത്രമേ നിയമനടപടി ആരംഭിക്കാനാകൂ.
പരിശോധന സംവിധാനം
3: റീജിയണൽ ലാബുകൾ :
(തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്)
2: ജില്ലാ ലാബുകൾ
(പത്തനംതിട്ട, കണ്ണൂർ)
14: മൊബൈൽ ലാബുകൾ
(എല്ലാ ജില്ലകളിലും ഓരോന്ന് )
140: ഫുഡ് സേഫ്റ്റി ഓഫീസർ
(നിയോജക മണ്ഡല അടിസ്ഥാനത്തിൽ)
14:ജില്ലാ നോഡൽ ഫുഡ് സേഫ്റ്റി ഓഫീസർ
3: മൊബൈൽ വിജിലൻസ് സ്ക്വാഡ്
കെട്ടികിടക്കുന്നത്
2700 കേസുകൾ
10വർഷം വരെ പഴക്കമുള്ള കേസുകളുണ്ട്
2700കേസുകൾ തീർപ്പാകാനുണ്ട്
1500എണ്ണം കോടതികളിൽ
1200കേസുകൾ ആർ.ഡി.ഒയുടെ മുന്നിൽ
പ്രത്യേക കോടതികൾ സജ്ജമാക്കണമെന്ന് ആക്ടിൽ വ്യവസ്ഥയുണ്ടെങ്കിലും നടപടിയില്ല
ജീവന് ഭീഷണിയാകുന്ന ഭക്ഷണം വിളമ്പിയ കേസുകളാണ് കോടതികളുടെ പരിഗണനയിൽ
ഭക്ഷ്യസാധനങ്ങളുടെ നിലവാരം കുറഞ്ഞത് സംബന്ധിച്ച കേസുകളാണ് ആർ.ഡി.ഒമാരുടെ മുന്നിൽ