2022ൽ നിരത്തിലെത്തിയത് രണ്ട് കോടിയിലേറെ പുത്തൻ വണ്ടികൾ

Share our post

കൊച്ചി: കൊ​വിഡും തുടർ പ്രതിസന്ധികളും മൂലം 2020,​ 2021 വർഷങ്ങളിൽ മന്ദഗതിയിലായിരുന്ന ആഭ്യന്തര റീട്ടെയിൽ വാഹനവില്പന 2022ൽ കുറിച്ചത് മികച്ച തിരിച്ചുവരവ്. അവസാന മാസമായ ഡിസംബറിലെ തളർച്ച വിട്ടൊഴിഞ്ഞ് നിന്നിരുന്നെങ്കിൽ കൂടുതൽ തിളക്കമുള്ള നേട്ടം പോയവർഷം കൊയ്യാമായിരുന്നു.

എല്ലാവിഭാഗം ശ്രേണികളിലുമായി 2022ൽ പുതുതായി ഇന്ത്യൻ നിരത്തിലെത്തിയത് 2.11 കോടി വാഹനങ്ങളാണെന്ന് രാജ്യത്തെ ആർ.ടി ഓഫീസുകളിൽ നിന്നുള്ള രജിസ്‌ട്രേഷൻ കണക്കുകൾ ആസ്‌പദമാക്കി റീട്ടെയിൽ വില്പനക്കാരുടെ കൂട്ടായ്‌മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ)​ പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2021ലെ 1.83 കോടി യൂണിറ്റുകളേക്കാൾ 15.28 ശതമാനവും 2020ലെ 1.80 കോടിയേക്കാൾ 17.17 ശതമാനവും അധികമാണ് കഴിഞ്ഞവർഷത്തെ വില്പന. അതേസമയം,​ കൊവിഡ് പ്രതിസന്ധിക്ക് മുമ്പത്തെ മികച്ചസ്ഥിതിയിലേക്ക് റീട്ടെയിൽ വാഹനവില്പന ഇനിയും തിരിച്ചെത്തിയിട്ടില്ല. കൊവിഡ് പ്രതിസന്ധിയില്ലാതിരുന്ന 2019ൽ 2.34 കോടി പുതിയ വാഹനങ്ങൾ ഇന്ത്യക്കാർ വാങ്ങിയിരുന്നു. ഇതിനേക്കാൾ 9.81 ശതമാനം കുറവാണ് 2022ലെ വില്പനയെന്നും ഫാഡയുടെ റിപ്പോർട്ടിലുണ്ട്.

എല്ലാവിഭാഗം വാഹനശ്രേണികളും 2022ൽ വില്പനവളർച്ച കുറിച്ചുവെന്ന നേട്ടവുമുണ്ട്. ടൂവീലർവില്പന 2021ലെ 1.35 കോടിയിൽ നിന്ന് 13.37 ശതമാനം മുന്നേറി 1.53 കോടിയിലെത്തി. ത്രീവീലർവില്പന 3.73 ലക്ഷത്തിൽ നിന്ന് 6.40 ലക്ഷമായി; വളർച്ച 71.47 ശതമാനം.വാൻ,​ കാർ,​ എസ്.യു.വി എന്നിവ ഉൾപ്പെടുന്ന പാസഞ്ചർ വാഹനശ്രേണി 16.35 ശതമാനം നേട്ടവുമായി 34.31 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചു; ഇത് റെക്കാഡാണ്. 2021ലെ വില്പന 29.49 ലക്ഷവും 2019ലെ വില്പന 29.69 ലക്ഷവുമായിരുന്നു. 2019നേക്കാൾ വളർച്ച 15.56 ശതമാനം. വാണിജ്യശ്രേണി 31.97 ശതമാനവും ട്രാക്‌ടറുകൾ 3.29 ശതമാനവും വളർച്ച 2022ൽ നേടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!