മുത്തപ്പന്റെ അനുഗ്രഹവും ചരിത്രവും തേടി എം.എൽ.എയും കുട്ടികളും കുന്നത്തൂർപാടിയിൽ

കുന്നത്തൂർപാടി : നാടിന്റെ പൊതുഭരണ സംവിധാനത്തെയും നമ്മുടെ പൈതൃകത്തെയും സംസ്കാരത്തെയും കുറിച്ച് പഠിക്കാൻ സജീവ് ജോസഫ് എം.എൽ.എയും ഇന്റേൺഷിപ് കുട്ടികളും കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനത്ത് എത്തി. ആചാര അനുഷ്ഠാനത്തോടെ സന്നിധിയിൽ എല്ലാം നിയന്ത്രിച്ചു കഴിയുന്ന ദേവസ്ഥാനം ട്രസ്റ്റി എസ്.കെ.കുഞ്ഞിരാമൻ നായനാരും ദേവസ്ഥാനം മടയനും ചേർന്ന് എം.എൽ.എയെ സന്നിധിയിൽ സ്വീകരിച്ചു.
മുത്തപ്പനു കാണിക്ക നൽകി അനുഗ്രഹം തേടി. ഏറെ വെല്ലുവിളികളും പ്രതിസന്ധികളും ഉണ്ടായിട്ടും അനുഷ്ഠാനത്തോടെ തികഞ്ഞ ഭക്തിയോടെ എല്ലാം നിയന്ത്രിക്കുന്ന ദേവസ്ഥാനം ട്രസ്റ്റിയെ എംഎൽഎയും ഭാര്യയും ചേർന്നു പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാനത്തിന്റെ നാനാദിക്കുകളിൽ നിന്നുമായി ആയിരക്കണക്കിനു ഭക്തർ മുത്തപ്പ ദർശനത്തിനും അനുഗ്രഹത്തിനുമായി കുന്നത്തൂർ മലയിൽ എത്തിയിരുന്നു.
സർക്കാർ വനത്തിനും പ്രകൃതി ഭംഗിക്കും യാതൊരു കോട്ടവും വരാത്ത രീതിയിൽ നിയമാനുസൃതമായ വികസനത്തിനു വേണ്ടി കഴിയുന്നതെല്ലാം ചെയ്യുമെന്ന് എം.എൽ.എ ഉറപ്പു നൽകി. വാഹന പാർക്കിങ്ങിനു വേണ്ട സൗകര്യമൊരുക്കലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഭക്തജനങ്ങളും എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി.