ഈ കിണർ ഷാക്കിറയുടേയും മക്കളുടെയും അധ്വാനഫലം;നിര്‍മിച്ചത് 22 ദിവസം കൊണ്ട്

കുറ്റിപ്പുറം: ഷാക്കിറയും രണ്ട് മക്കളും അവരുടെ 22 ദിവസത്തെ കായികാധ്വാനത്താൽ നിർമിച്ചെടുത്തത് പത്തുകോൽ ആഴമുള്ള കിണർ. 10 കോലിലെത്തിയപ്പോൾ കിഴക്ക് ഭാഗത്തുനിന്ന് ഒഴുകിയെത്തിയ നീരുറവയ്ക്കൊപ്പം കുടുംബാംഗങ്ങളുടെ കണ്ണുകളും നിറഞ്ഞൊഴുകി.
പ്രതികൂല ജീവിത സാഹചര്യങ്ങളോട് വർഷങ്ങളായി പടപൊരുതി ജീവിക്കുന്ന മൂടാൽ പാലാട്ടുപറമ്പ് കള്ളിയിൽ ഷാക്കിറ (40)യും രണ്ട് മക്കളും സ്വന്തമായി കിണർ നിർമിച്ചത് അംഗീകാരങ്ങൾക്കൊന്നുംവേണ്ടിയല്ല. അവരുടെ കൈവശം പണം ഇല്ലാത്തതിനാലാണ്.
ഗ്രാമപ്പഞ്ചായത്ത് നൽകിയ രണ്ടുലക്ഷം രൂപയും ഇതുവരെ സ്വരുക്കൂട്ടിയ പണവുമെല്ലാം ചേർത്താണ് ഷാക്കിറ പാലാട്ടുപറമ്പിൽ അഞ്ച് സെന്റ് സ്ഥലം വാങ്ങിയത്.
സ്ഥലത്തിന്റെ പണം ഇനിയും ഭൂവുടമയ്ക്ക് മുഴുവനായും നൽകിയിട്ടുമില്ല. വീടിനുള്ള തറയുടെ നിർമാണം നടന്നുവരികയാണ്. വീട് നിർമിക്കാനുള്ള ഫണ്ടിനുള്ള അപേക്ഷ ഗ്രാമപ്പഞ്ചായത്തിൽ സമർപ്പിച്ചത് അനുവദിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ നിർധന കുടുംബം.