ടാങ്കറിൽ നിന്ന് ഡീസൽ ചോർന്ന് റോഡിലൊഴുകി

തലശ്ശേരി: വെള്ളം നിറച്ച് പോവുകയായിരുന്ന ടാങ്കർ ലോറിയുടെ ഡീസൽ ടാങ്ക് ചോർന്നു ദേശീയപാതയിൽ ഡീസൽ ഒഴുകി. വഴിനീളെ ഇരുചക്ര വാഹനയാത്രക്കാർക്ക് വീണ് പരുക്കേറ്റു. ആരുടെയും പരുക്ക് സാരമുള്ളതല്ല. ഇന്നലെ 4 മണിയോടെയാണ് സംഭവം. കണ്ണൂർ ഭാഗത്ത് നിന്നാണ് ലോറി വന്നത്.
ജില്ലാ കോടതിക്കടുത്തും സ്റ്റേഡിയത്തിന് മുൻപിലും ജനറൽ ആസ്പത്രിക്ക് മുൻപിലും ഇരുചക്ര വാഹനങ്ങൾ ഡീസലിൽ തെന്നി വീണു.
വിവിധയിടങ്ങളിലായി പത്തോളം ഇരുചക്ര വാഹനയാത്രക്കാരാണ് വീണത്. ഡീസൽ ചോരുന്നത് കണ്ട് ജില്ലാ കോടതിക്കടുത്ത് നിന്ന് ആൾക്കാർ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഇതേത്തുടർന്ന് സേനാംഗങ്ങൾ വാഹനവും ഉപകരണങ്ങളുമായി എത്തി ഡീസൽ ഒഴുകിയ സ്ഥലങ്ങളിലെല്ലാം പൊടിമണ്ണ് വിതറി.