അഞ്ജുശ്രീയുടെ മരണം ആത്മഹത്യ; എലിവിഷത്തെക്കുറിച്ച് ഫോണിൽ സെർച്ച് ചെയ്തു, കുറിപ്പും കണ്ടെത്തി

Share our post

പരിയാരം: കാസർകോട് സ്വദേശിനി അഞ്ജുശ്രീ പാർവതി (19) യുടെ മരണം ആത്മഹത്യയെന്ന് സൂചന. എലിവിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും കുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും ഇത് കരളിനെ ബാധിച്ചതാണ് മരണകാരണമെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ എലിവിഷത്തെക്കുറിച്ച് അഞ്ജുശ്രീയുടെ മൊബൈലിൽ സെർച്ച് ചെയ്തതിന്റെ വിവരങ്ങളും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. എന്നാൽ രാസ പരിശോധനയുടെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ.അതേസമയം, മരണത്തിലെ ദുരൂഹത അകറ്റണമെന്ന് അഞ്ജുശ്രീയുടെ കുടുംബം ആവശ്യപ്പെട്ടു.

ഭക്ഷണം കഴിച്ച ശേഷം അഞ്ജുശ്രീ ഉൾപ്പെടെ മൂന്നുപേർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായി പെൺകുട്ടിയുടെ ഇളയച്ഛൻ കരുണാകരൻ പറഞ്ഞു. ഭക്ഷ്യ വിഷബാധ അല്ലെങ്കിൽ മരണത്തിന് മറ്റ് കാരണങ്ങൾ എന്തെന്ന് കണ്ടെത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

പെരുമ്പള ബേനൂർ ശ്രീനിലയത്തിൽ പരേതനായ എ കുമാരൻ നായരുടെയും കെ അംബികയുടെയും മകളായ അഞ്ജുശ്രീ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 5.15നാണ് മരിച്ചത്. ഡിസംബർ 31ന് ഹോട്ടലിൽ നിന്ന് ഓൺലൈനായി ഓർഡർ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ചശേഷമായിരുന്നു മരണമെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും തുടർന്ന് ഹോട്ടൽ ഉടമയെയും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

പെൺകുട്ടിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇവരെ വിട്ടയച്ചു. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവിഭാഗവും ഹോട്ടൽ അടപ്പിച്ച് ഭക്ഷണസാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ.കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു അഞ്ജുശ്രീ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!