ഡ്രൈവർമാരുടെയും, കാൽനടക്കാരുടെയും ശ്രദ്ധ തെറ്റിക്കുന്ന പരസ്യങ്ങൾ പതിക്കില്ല: കെ .എസ് .ആർ .ടി .സി
ന്യൂഡൽഹി: ബസുകളിൽ പരസ്യങ്ങൾ പതിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സ്‌കീം കെ എസ് ആർ ടി സി സുപ്രീംകോടതിയിൽ സമർപ്പിച്ചു. കോടതി നിർദ്ദേശപ്രകാരമായിരുന്നു പുതിയ സ്‌കീം സമർപ്പിച്ചത്. മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെയും, കാൽനട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന പരസ്യങ്ങൾ ഇനി മുതൽ ബസുകളിൽ പതിക്കില്ല,പരസ്യങ്ങൾ പരിശോധിക്കുന്നതിനും അനുമതി നൽകുന്നതിനും എം.ഡിയുടെ അദ്ധ്യക്ഷതയിൽ സമിതി രൂപികരിക്കും,മോട്ടോർ വാഹന ചട്ടങ്ങൾ പാലിച്ച് ബസുകളുടെ വശങ്ങളിലും, പിൻഭാഗത്തും മാത്രമേ പരസ്യം പതിക്കുന്നുള്ളുവെന്ന് സമിതി ഉറപ്പ് വരുത്തും, പതിച്ച പരസ്യങ്ങൾക്ക് എതിരായ പരാതി പരിശോധിക്കുന്നതിന് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ അദ്ധ്യക്ഷതയിൽ സമിതിക്ക് രൂപം നൽകും എന്നിവയാണ് പുതിയ സ്‌കീമിൽ കെ .എസ് .ആർ. ടി .സി ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ബസുകളിൽ പരസ്യം പതിക്കുന്നതിനെതിരായ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കെ എസ് ആർ ടി സി നൽകിയ ഹർജി പരിഗണിക്കവെയാണ് പരസ്യങ്ങൾ നൽകുന്നത് സംബന്ധിച്ച് പുതിയ സ്കീം നൽകാൻ സുപ്രീംകോടതി കെ .എസ് .ആർ. ടി സിയോട് ആവശ്യപ്പെട്ടത്. ബസുകളുടെ ഏതുഭാഗത്ത് പരസ്യം പതിക്കാമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൽ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.സ്കീമിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിൽ നിന്ന് സംരക്ഷണം നൽകുമെന്നും സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് വൻ വരുമാന നഷ്ടമാണ് ഉണ്ടാക്കിയത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് പരസ്യം സ്ഥാപിക്കുന്നത്.
ഉത്തരവ് കൃത്യമായ പഠനമില്ലാതെയായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിൽ പറഞ്ഞിരുന്നത്.പരസ്യം ഡ്രൈവർമാരുടെ ശ്രദ്ധ മാറ്റില്ലേ?ബസുകളിൽ പതിക്കുന്ന ചലച്ചിത്ര താരങ്ങളുടെ പരസ്യം മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ മാറ്റില്ലേയെന്ന് നേരത്തേ ഹർജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ആരാഞ്ഞിരുന്നു. തലയിൽ തേയ്ക്കുന്ന എണ്ണയുൾപ്പെടെയുള്ളവയുടെ വാണിജ്യ പരസ്യങ്ങളാണ് ബസുകളുടെ വശങ്ങളിലായി പതിപ്പിക്കാറെന്ന് കെ. എസ് .ആർ. ടി .സിക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ വി.ഗിരി വ്യക്തമാക്കി.
കഴിഞ്ഞ 30 വർഷക്കാലമായി നൽകുന്ന ഇത്തരം പരസ്യങ്ങൾ 9,000 കോടിയുടെ കടമുള്ള കെ. എസ് .ആർ .ടി .സിക്ക് വലിയ ആശ്വാസമാണ്. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും നിയന്ത്രണം കൊണ്ടുവരണമെങ്കിൽ കോടതിക്ക് സർക്കാരിന് നിർദേശം നൽകാം. ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ സർവീസ് നടത്തുന്ന ബസ്സുകൾക്കെതിരെയാണ് നടപടി എടുക്കേണ്ടതെന്നും അദ്ദേഹം വാദിച്ചു.കെ .എസ്. ആർ .ടി .സിക്കു വേണ്ടി സ്റ്റാൻഡിംഗ് കോൺസൽ ദീപക് പ്രകാശും ഹാജരായി.