സുക്കോളച്ചന് ഇനി ദൈവദാസന്

പരിയാരം ( കണ്ണൂർ): കാരുണ്യവുമായി കടൽ കടന്നെത്തി, ജനമനസുകളിൽ നല്ല ഇടയനായി ഇടംനേടിയ ഫാദർ ലീനസ് മരിയ സുക്കോൾ ഇനി ദൈവദാസൻ. ഫാ. സുക്കോൾ നിത്യവിശ്രമം കൊള്ളുന്ന പരിയാരം മരിയപുരം നിത്യസഹായ മാതാദേവാലയത്തിലെ ഖബറിടത്തിൽ നടന്ന പ്രാർഥനയോടെയാണ് ദൈവദാസൻ പ്രഖ്യാപനം നടന്നത്.
മലബാറിന്റെ മഹാമിഷണറിയായ, അനാഥരും നിരാലംബരുമായ ആയിരങ്ങൾക്ക് ജീവിതമാർഗമൊരുക്കിയ സുക്കോളച്ചനെ ദൈവദാസനായി അടയാളപ്പെടുത്തുന്ന ചടങ്ങിന് വൻജനാവലി സാക്ഷിയായി.ഫാദർ സുക്കോളിനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെ ആദ്യപടിയായാണ് ദൈവദാസൻ പ്രഖ്യാപനം. ഒമ്പതാം ചരമവാർഷികദിനമായ വെള്ളിയാഴ്ച രാവിലെ ഖബറിടത്തിൽ പ്രാർഥനാഞ്ജലിയോടെയാണ് ചടങ്ങുകളാരംഭിച്ചത്.
കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല വത്തിക്കാൻ ഡിക്രി പ്രഖ്യാപിച്ചു. സിബിസിഐ പ്രസിഡന്റ് മാർ ജോസഫ് തോമസ് ഖബറിടത്തിലെ പ്രാർഥനകൾക്ക് നേതൃത്വം നൽകി. സുക്കോളച്ചന്റെ സ്വർണോലിക്ക ഇടവക പ്രതിനിധി ലൂക്ക ഖബറിടത്തിൽ ദീപം തെളിച്ചു. ഫാദർ സുക്കോളിന്റെ ബന്ധുക്കളും മരിയപുരം ദേവാലയത്തിൽ എത്തിയിരുന്നു.
പൊന്തിഫിക്കൽ ദിവ്യബലിക്ക് ഫാ. സുക്കോളിന്റെ ജന്മനാടായ തെന്ത്രോ അതിരൂപത ആർച്ച് ബിഷപ് ഡോ. ലൂയിജി ബ്രെസാർ പ്രധാന കാർമികത്വം വഹിച്ചു. കോഴിക്കോട് രൂപത മെത്രാൻ ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി തുടങ്ങിയവർ പങ്കെടുത്തു.
പൊതുസമ്മേളനവും സ്നേഹവിരുന്നും നടത്തി. ആറരപ്പതിറ്റാണ്ട് ത്യാഗനിഷ്ഠയോടെ സേവനംചെയ്ത സുക്കോളച്ചന്റെ ജീവിതത്തിന് തിരുസഭ നൽകിയ അംഗീകാരമായി ദൈവദാസൻ പ്രഖ്യാപനം.