മദ്യം വാങ്ങാന്‍ ലൈസന്‍സ് ഏര്‍പ്പെടുത്തണം; ലൈസന്‍സ് ഇല്ലാത്തവര്‍ വാങ്ങരുത് – മദ്രാസ് ഹൈക്കോടതി

Share our post

ചെന്നൈ: മദ്യം വാങ്ങുന്നതിന് ലൈസൻസ് നിർബന്ധമാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തമിഴ്‌നാട് സർക്കാരിനോട് നിർദേശിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാനസർക്കാരിനും പോലീസ് മേധാവിക്കും നിർദേശം നൽകുന്ന കാര്യം പരിഗണിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

മദ്യാസക്തി വർധിക്കുകയും പ്രായപൂർത്തിയെത്തിയിട്ടില്ലാത്ത വിദ്യാർഥികൾ പലരും മദ്യത്തിന് അടിമയാവുകയും ചെയ്യുന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടത്. 21 വയസ്സ്‌ തികയാത്തവർക്ക് മദ്യം വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ലൈസൻസ് ഏർപ്പെടുത്തണം.

ലൈസൻസുള്ളവർക്കു മാത്രമേ മദ്യം വാങ്ങാനും കഴിക്കാനും പറ്റുകയുള്ളൂവെന്ന് ഉറപ്പാക്കുകയുംവേണം. സംസ്ഥാനസർക്കാർ നിയന്ത്രണത്തിലുള്ള ടാസ്മാക് മദ്യശാലകളുടെ വിൽപ്പനസമയം ഉച്ചയ്ക്കു രണ്ടുമുതൽ രാത്രി എട്ടുവരെയാക്കി ചുരുക്കണമെന്നും കോടതി നിർദേശിച്ചു.

ബാറുകളുടെയും പബ്ബുകളുടെയും സർക്കാർ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യശാലകളുടെയും പ്രവർത്തനസമയം കുറയ്ക്കണമെന്നും പ്രായപൂർത്തിയാവാത്തവർക്ക് മദ്യം വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള രണ്ടുഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ് ആർ. മഹാദേവന്റെയും ജസ്റ്റിസ് സത്യനാരായണ പ്രസാദിന്റെയും ബെഞ്ച് ഈ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!