കോഴിക്കോട് മുഖ്യ ഖാസി കെ .വി ഇമ്പിച്ചമ്മദ് ഹാജി അന്തരിച്ചു

കോഴിക്കോട്: പരേതനായ കോഴിക്കോട് ഖാസി പള്ളിവീട്ടിൽ മാമുക്കോയ ഖാസിയുടെ മകനും കോഴിക്കോട് മുഖ്യ ഖാസിയുമായ കെ വി ഇമ്പിച്ചമ്മദ് ഹാജി (88) പരപ്പിൽ മൂസബറാമിൻ്റകത്ത് അന്തരിച്ചു. 2008 ൽ സഹോദരൻ ഖാസി നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ മരണത്തിന്ന് ശേഷം 2009 ൽ ഖാസിയായി ചുമതലയേറ്റ അദ്ദേഹം13 വര്‍ഷമായി കോഴിക്കോട് മുഖ്യഖാസി പദം വഹിച്ചു വരികയാണ്.
1343 ൽ ഖാസി ഫക്രുദ്ധീൻ ഉസ്മാനിൽ ആരംഭിക്കുന്നതാണ് കോഴിക്കോട്ടെ ഖാസി പരമ്പര. സര്‍ക്കാര്‍ അംഗീകരിച്ച കോഴിക്കോട്ടെ ഔദ്യോഗിക ഖാസി കൂടിയാണ് അദ്ദേഹം. കോഴിക്കോട് താലൂക്കിലുള്‍പ്പെടുന്ന മഹല്ലുകളാണ് പ്രവർത്തന പരിധി. കോഴിക്കോട്ടെ പ്രമുഖ ഖാസിയായിരുന്ന പള്ളിവീട്ടില്‍ മാമുക്കോയയാണ് പിതാവ്.
മാതാവ്: പരേതയായ കാട്ടില്‍വീട്ടില്‍ കുട്ടിബി. ഭാര്യ: കാമാക്കന്റകത്ത് പുതിയപുരയില്‍ (മൂസ ബറാമിന്റകം) കുഞ്ഞിബി. മക്കള്‍: മാമുക്കോയ, അലിനാസര്‍ (മസ്‌കത്ത്), ഹന്നത്ത്, നസീഹത്ത് (അധ്യാപിക MMLPS), സുമയ്യ, ആമിനബി. മരുമക്കള്‍: പള്ളിവീട്ടില്‍ അബ്ദുല്‍ മാലിക്, നാലകത്ത് അബ്ദുല്‍ വഹാബ്, മുല്ലാന്റകത്ത് അഹമ്മദ് കബീര്‍.
മയ്യിത്ത് നമസ്കാരം ശനിയാഴ്ച വൈകുന്നേരം 4.30 ന് കുറ്റിച്ചിറ മിശ്കാൽ പള്ളിയിൽ നിർവ്വഹിച്ച ശേഷം കുറ്റിച്ചിറ മിശ്കാൽ പള്ളി കോമ്പൗണ്ടിൽ പിതാവ് മാമുക്കോയ ഖാസിയുടെയും സഹോദരൻ നാലകത്തിന്റെയും ഖബറിടത്തിന്നും അരികെ ഖബറടക്കും. സാമൂഹ്യ- സാംസ്കാരിക മേഖലയിലും പൊതുപ്രവർത്തന രംഗത്തും സജീവ സാന്നിധ്യം അറിയിച്ച അദ്ദേഹം ഖാസി ഫൗണ്ടേഷന്റെ മുഖ്യ രക്ഷാധികാരി കൂടിയാണ്.
പരമ്പരാഗത ഖാസിമാർ അനുവർത്തിച്ചു വന്ന പോലെ കോഴിക്കോട്ടെ സാമൂതിരി രാജയുമായി നിറഞ്ഞ സൗഹൃദം പുലർത്തിപ്പോന്നിരുന്നു. ഇപ്പോഴത്തെ സാമൂതിരി കെ സി ഉണ്ണി അനുജൻ രാജയുമായി നിരവധി ചടങ്ങുകളിൽ അദ്ദേഹം വേദി പങ്കിട്ടുണ്ട്.
വൈകുന്നേരം 5 മണിക്ക് കുറ്റിച്ചിറ സിയസ്കൊ ഹാളിൽ വെച്ച് സർവ്വകക്ഷി അനുശോചനം ചേരും. ഖാസിയോടുള്ള ആദര സൂചകമായി വൈകുന്നേരം 3 മണി മുതൽ 5 മണി വരെ കുറിച്ചിറയിലും പരിസരങ്ങളിലും കടകൾ അടച്ച് ഹർത്താലാചരിക്കും.
ശഫീർ സഖാഫിക്ക് ഖാസിയുടെ താൽക്കാലിക ചുമതല നൽകി
കോഴിക്കോട് മുഖ്യ ഖാസി കെ വി ഇമ്പിചമ്മത് ഹാജിയുടെ നിര്യാണത്തെ തുടർന്ന് കോഴിക്കോട് മുഖ്യ ഖാസിയുടെ താൽക്കാലിക ചുമതല പകരം സംവിധാനം ഉണ്ടാകുന്നതു വരെ മിശ്കാൽ പള്ളി ഇമാം ശഫീർ സഖാഫി മുച്ചുന്തിക്ക് നൽകിയതായി മിശ്കാൽ പള്ളി കമ്മറ്റി പ്രസിഡന്റ് കെ വി കുഞ്ഞഹമ്മദ് കോയയും ജന. സെക്രട്ടറി എൻ ഉമ്മറും അറിയിച്ചു.