ഭക്ഷണത്തിനു പകരം മനുഷ്യനെ കൊല്ലുന്ന വിഷം വിളമ്പുകയാണ് നമ്മുടെ നാട്ടിലെ ചില ഭക്ഷണശാലകൾ. ഏതാനും ചില ഭക്ഷണശാലകൾ നടത്തുന്ന കലാപരിപാടികൾ ഹോട്ടൽ വ്യവസായത്തെ മുഴുവൻ ദോഷകരമായി ബാധിക്കുകയാണ്. ഹോട്ടലുകളിലെ പഴകിയതും വൃത്തിഹീനവുമായ ഭക്ഷണം കഴിച്ച് ആർക്കെങ്കിലും അത്യാഹിതം സംഭവിച്ചാൽ വെളിപാടുവരുന്ന നമ്മുടെ ഉദ്യോഗസ്ഥ സംവിധാനം ഇവർക്ക് പ്രോത്സാഹനവുമാണ്. ലാഭക്കൊതി മാറ്റി ഭക്ഷണശാലകൾ വൃത്തിയുള്ള സാഹചര്യത്തിൽ സുരക്ഷിതവും രുചിയുമുള്ള ഭക്ഷണം നൽകാൻ തയ്യാറാകണമെങ്കിൽ അധികൃതർ കൂടി മുൻകൈയെടുക്കേണ്ടതുണ്ട്.
ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം പാലത്തറ സ്വദേശി രശ്മി രാജി എന്ന യുവതി മരണപ്പെട്ടതോടെ സംസ്ഥാനത്തെങ്ങും ഭക്ഷ്യപരിശോധന കർശനമായി തുടരുകയാണ്. ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ നടത്തുന്ന ഇത്തരം പരിശോധനകൾ തത്‌കാലത്തെ പ്രഹസനം മാത്രമാണെന്നാണ് പൊതുജനാഭിപ്രായം. ബഹളങ്ങൾ എല്ലാമടങ്ങുന്നതോടെ അധികൃതരും പഴയപടി ഇത്തരം സ്ഥാപനങ്ങളെ തിരിഞ്ഞുനോക്കാത്ത സ്ഥിതി വരും.കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലിൽനിന്ന് ഓർഡർ ചെയ്ത് വരുത്തിയ അൽഫാം ആണ് മരണപ്പെട്ട രശ്മി കഴിച്ചത്.
സഹോദരൻ വിഷ്ണുരാജിനും ഈ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച 26 പേർക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. കളക്ടർക്കും ഭക്ഷ്യസുരക്ഷാ വകുപ്പിനും പരാതി കൊടുത്തശേഷമാണ് ഹോട്ടൽ പൂട്ടിക്കാൻപോലും അധികൃതർ തയ്യാറായതെന്നും ആക്ഷേപമുണ്ട്. മുമ്പും ഇതേ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതു മൂലം ഹോട്ടൽ പൂട്ടിച്ചിട്ടുണ്ട്. എന്നാൽ വീണ്ടും സംഭവിച്ച ഗുരുതരപിഴവ് ഒരു യുവതിയുടെ വിലപ്പെട്ട ജീവനാണ് കവർന്നത് .
നിസ്സാര പിഴ ചുമത്തി വീണ്ടും പഴയതുപോലെ തന്നെ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്ന അധികൃതർ പിന്നീടൊരു വീഴ്ച വരുന്നത് വരെ ഇത്തരം സ്ഥാപനങ്ങളിൽ പരിശോധനയോ ആവശ്യമായ അന്വേഷണമോ നടത്തുന്നില്ല.സമാനരീതിയിൽ കഴിഞ്ഞ വർഷം കാസർകോട് ചെറുവത്തൂരിലുള്ള ഐഡിയൽ കൂൾ ബാറിൽ നിന്നും ഷവർമ്മ കഴിച്ച കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശിനി ദേവനന്ദ ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചു. ഷവർമ കഴിച്ച് അസ്വസ്ഥരായ 30 ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഐഡിയൽ കൂൾബാറിന് ലൈസൻസില്ലെന്ന് കണ്ടെത്തുകയും സ്ഥാപനം സീൽ ചെയ്ത് അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും നിരവധി ഭക്ഷണശാലകൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഈ പെൺകുട്ടി മരിക്കാനിടയായ സംഭവവും സ്ഥാപനത്തിന്റെ ഗുരുതര വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നത്. കാരണം മരണപ്പെട്ട പെൺകുട്ടിക്കും മറ്റ് കുട്ടികൾക്കും ഷിഗല്ലയുടെ ലക്ഷണങ്ങളാണ് കണ്ടെത്തിയത്. അതിൽനിന്നുതന്നെ വൃത്തിഹീനമായതും പഴയതുമായ ഭക്ഷണമാണ് കുട്ടികൾക്ക് നൽകിയതെന്ന് വ്യക്തം.ഷവർമ്മ കഴിച്ച മുഴുവൻ കുട്ടികൾക്കും അസ്വസ്ഥതയുണ്ടായത് 24 മണിക്കൂറിനുള്ളിലാണ്. വിഷബാധയേറ്റ് ആശുപത്രിയിലെത്തിയ മുഴുവൻ കുട്ടികൾക്കും 103 ഡിഗ്രിയിലധികം പനി കണ്ടെത്തിയത് ഷിഗെല്ലയുടെ ലക്ഷണമാവാം.
ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമാകുമ്പോൾ ഇത് രക്തത്തോട് കൂടിയ വയറിളക്കമാകും. ഇത് മൂലം ശരീരത്തിലുണ്ടാകുന്ന നിർജ്ജലീകരണമാണ് മാരകമാകുന്നത്. നിർജ്ജലീകരണം നിയന്ത്റിക്കാൻ സാധിക്കാതെ വന്നാൽ രോഗി ഗുരുതരാവസ്ഥയിലേക്കും പിന്നീട് മരണത്തിലേക്കും പോകും. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഭക്ഷ്യവിഷബാധ ഗുരുതരമാകാൻ സാദ്ധ്യത കൂടുതൽ.ഷിഗെല്ല ബാധിച്ചാൽ വളരെ വേഗം മരണം സംഭവിക്കുമെന്നതാണ് ഈ രോഗത്തെ ഗുരുതരമാക്കുന്നത്. കൃത്യമായ ചികിത്സ ലഭിച്ചാൽ രോഗം ഭേദമാക്കാം. എന്നാലും ആരോഗ്യം കുറഞ്ഞ ആളുകളിൽ രോഗം വേഗത്തിൽ ഗുരുതരമാകും.
കണ്ണൂരിൽ കണ്ടെത്തിയത് പുഴുവരിക്കുന്ന ഭക്ഷണങ്ങൾഒരു ഇടവേളയ്ക്ക് ശേഷം കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് പുഴുവരിക്കുന്ന ഭക്ഷണ സാധനങ്ങളാണ്. 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പരിശോധനയിൽ പിടിച്ചെടുത്തതിൽ കൂടുതലും ചിക്കൻ വിഭവങ്ങളാണ്. അൽഫാമും തന്തൂരിയും പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. പഴകിയ ഭക്ഷണം വിൽപ്പനയ്ക്ക് വച്ച ഹോട്ടലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ പറഞ്ഞത്.എന്നാൽ ഈ ഹോട്ടലുകൾ തുടർന്ന് എത്രത്തോളം ജാഗ്രത പുലർത്തുമെന്ന് കണ്ടറിയണം.പാചക എണ്ണയുടെ പുനരുപയോഗംകണ്ണൂരിൽ പാചക എണ്ണയുടെ പുനരുപയോഗം വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് മാസത്തിനിടയിൽ പരിശോധിച്ച 30 സാമ്പിളുകളിൽ ഏഴെണ്ണം പുനരുപയോഗം കണ്ടെത്തി. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയിലെ ഉപ്പിന്റെയും രാസഘടകങ്ങളുടെയും സാന്നിദ്ധ്യം കണക്കാക്കുന്ന ടോട്ടൽ പോളാർ കോമ്പൗണ്ട് (ടി.പി.സി) 25 ശതമാനത്തിന് താഴെ ആണെങ്കിൽ മാത്രമെ പുനരുപയോഗിക്കാൻ പാടുള്ളൂ. എന്നാൽ പിഴ ചുമത്തിയ സാമ്പിളുകളിൽ ടി.പി.സി 40 ശതമാനം വരെ കണ്ടെത്തിയിട്ടുണ്ട്. ഈ എണ്ണ വീണ്ടും ഉപയോഗിക്കുമ്പോൾ ഘടനയിൽ വലിയ മാറ്റവുമുണ്ടാകും. ഇത് കാൻസർ ഉൾപ്പെടെ ഗുരുതര രോഗങ്ങൾക്ക് കാരണമായേക്കാം. ഫുഡ് സേഫ്‌ടി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.ഐ ) യുടെ മുന്നറിപ്പ് പ്രകാരം പാചക എണ്ണ വീണ്ടും ചൂടാക്കുന്നത് വിഷപദാർത്ഥങ്ങൾ ഉത്പാദിപ്പിക്കപ്പെടാനും ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ വർദ്ധനവിനും കാരണമാകുന്നു.
പകുതി വിലയ്ക്ക് ചത്ത കോഴികണ്ണൂർ, കാസർകോട് ജില്ലകളിലെ പല ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബാർബി ക്യൂ, അൽഫാം, കുഴിമന്തി എന്നിവയ്ക്ക് ഉപയോഗിക്കുന്ന കോഴിയിറച്ചി ഭക്ഷ്യയോഗ്യമല്ലെന്ന് വ്യാപക പരാതി. ഇവയ്‌ക്കൊപ്പം കഴിക്കുന്ന മയോണൈസും വില്ലനാണ്. പലയിടത്തും കോഴി ഫാമുകളിൽനിന്നു ലഭിക്കുന്ന ചത്ത കോഴിയുടെ ഇറച്ചിയാണ് ഉപയോഗിക്കുന്നതെന്നാണ് വ്യാപക ആരോപണം.ചത്ത കോഴിക്ക് വില പകുതി നൽകിയാൽ മതി. ബാർബി ക്യൂവിനും ആൽഫാമിനും കുഴിമന്തിക്കും ഇത്തരം ഇറച്ചി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. മസാലയും മറ്റു ചേരുവകളും ചേർക്കുമ്പോൾ ആളുകൾക്ക് രുചി വ്യത്യാസം അനുഭവപ്പെടണമെന്നില്ല.
പുറമേനിന്ന് വാഹനങ്ങളിൽ എത്തിക്കുമ്പോൾ ധാരാളം കോഴികൾ ചത്തുപോകുന്നുണ്ട്. വഴിയിൽ വലിച്ചെറിയേണ്ടെന്നതും ചെറിയൊരു തുക കിട്ടും എന്നതും കോഴിയെ കൊണ്ടുവരുന്ന ലോറിക്കാർക്കും ആശ്വാസമാണ്. ക്രിസ്‌മസ് പുതുവത്സര അവധിക്കാലമായതിനാൽ ഇങ്ങനെയുള്ള ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും രണ്ടാഴ്ചയായി നല്ല തിരക്കായിരുന്നു. വൈകുന്നേരങ്ങളിൽ ഹോട്ടലുകളിലെ പ്രധാന ഭക്ഷണവിഭവവും മന്തിയും അൽഫാമുമാണ്. കോഴിവില ക്രമാതീതമായി ഉയർന്നതോടെയാണ് അമിതലാഭത്തിനായി ചത്ത കോഴിയെ ഫാമുകളിൽനിന്നു വാങ്ങാൻ തുടങ്ങിയത്.കോഴിയിറച്ചി നല്ല രീതിയിൽ വേവിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
പലയിടത്തും തുറസായതും വൃത്തിഹീനവുമായ സ്ഥലത്താണ് പാചകം. പാചകം ചെയ്യുന്നവർ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളാണ് മിക്ക ഹോട്ടലുകളിലും മന്തിയുടേയും അൽഫാമിന്റെയും പാചകക്കാർ.ഷവർമ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഇറച്ചി ശരിയായ രീതിയിൽ സൂക്ഷിക്കാത്തത് മുതൽ റോഡരികിലെ പാകം ചെയ്യലും മയോണൈസിന് ഉപയോഗിക്കുന്ന കോഴിമുട്ടയുടെ തിരഞ്ഞെടുപ്പും വരെ ഷവർമ വഴി ഭക്ഷ്യവിഷബാധയുണ്ടാവാൻ കാരണമാവും. കുറഞ്ഞ താപനിലയിൽ വെന്ത ഇറച്ചിവഴി ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണം.
ഷവർമ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഇറച്ചി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന രീതിയും വിഷബാധയ്ക്ക് കാരണമാവും. ഇറച്ചിയിലെ ബാക്ടീരിയ മറ്റ് ഭക്ഷണപദാർത്ഥങ്ങളിലേക്കും ഷവർമയ്‌ക്കൊപ്പം കഴിക്കുന്ന സാലഡിൽ ഉപയോഗിക്കുന്ന പച്ചക്കറികളിലേക്കും പടരാൻ കാരണമാവുന്നു. റോഡരികിൽ ഷവർമ ഉണ്ടാക്കുന്നത് വഴി പൊടിപടലങ്ങൾ ഇറച്ചിയിൽ പറ്റിപ്പിടിക്കുന്നതും അണുബാധയ്ക്ക് വഴിയൊരുക്കുന്നു. മയോണൈസ് ഉണ്ടാക്കാൻ ചീത്ത മുട്ട ഉപയോഗിക്കുന്നതും ഗുരുതരമായ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകും.
ഫുഡ് സേഫ്ടി ഓൺ വീൽസ്
ഫുഡ് സേഫ്ടി ഓൺ വീൽസ് (എഫ്.എസ്.ഡബ്ല്യു) എന്ന പദ്ധതിയിലൂടെ ഓരോ ദിവസം ഓരോ നിയോജക മണ്ഡലത്തിലും പാൽ,കുടിവെള്ളം,പുനരുപയോഗിക്കുന്ന എണ്ണ,അച്ചാറുകൾ തുടങ്ങിയവയുടെ പരിശോധന നടക്കുന്നുണ്ടെന്നാണ് അധികൃതർ പറുന്നത്. എന്നാൽ പദ്ധതി എത്രത്തോളം ഫലംകണ്ടു എന്നത് ചോദ്യചിഹ്നമാവുന്നു. 2016 ന് ശേഷം തുടങ്ങിയ പദ്ധതി പത്ത് പഞ്ചായത്തുകൾ സമ്പൂർണ ഭക്ഷ്യസുരക്ഷാ പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയത്.
കാര്യക്ഷമമായ ഇടപെടൽ വേണംഭക്ഷ്യവിഷബാധ ദുരന്തമായി മാറുമ്പോൾ മാത്രം ഉണർന്ന് പ്രവർത്തിക്കുന്ന സ്ഥിതിമാറി കൃത്യമായ പരിശോധനകളും വീഴ്ചകൾ കണ്ടെത്തിയാൽ കർശന നടപടികളും വേണം. വീഴ്ചകൾ സംഭവിക്കുന്ന സ്ഥാപനത്തിനെതിരെ നിസാര പിഴ ചുമത്തി വീണ്ടും പിഴവ് ആവർത്തിപ്പിക്കാൻ അനുവദിക്കാതെ സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതുൾപ്പടെയുള്ള കർശന നടപടിയെടുക്കണം. അടിക്കടിയുള്ള പരിശോധനയും ശിക്ഷാനടപടികളും സ്ഥാപനങ്ങളെ വിഷം വിളമ്പുന്നതിൽനിന്നും തടയും. പണം മുടക്കി ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് മായമില്ലാത്ത വൃത്തിയും വെടിപ്പുമുള്ള ആഹാരം നൽകാൻ സ്ഥാപനങ്ങളും തയ്യാറാവണം.