ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം; പെൺകുട്ടി കഴിച്ചത് കുഴിമന്തി, ഒപ്പം ഭക്ഷണം കഴിച്ച സുഹൃത്തുക്കൾക്കും ശാരീരിക അസ്വസ്ഥത

കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. കാസർകോട് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. ഹോട്ടലിൽ നിന്ന് ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം.
ഉദുമയിലെ റൊമൻസിയ ഹോട്ടലിൽ നിന്നാണ് കുഴിമന്തി കഴിച്ചത്. അഞ്ജുവിനൊപ്പം ഭക്ഷണം കഴിച്ച സുഹൃത്തുക്കൾക്കും ഭക്ഷ്യവിഷബാധയേറ്റു. അവർക്കും ശാരീരിക അസ്വസ്ഥത ഉണ്ടായെന്ന് ഉദുമ എം .എൽ. എ .സി. എച്ച് കുഞ്ഞമ്പു അറിയിച്ചു. അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടു.
ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മരണകാരണം കുഴിമന്തി തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ കാസർകോട്ടെയും കണ്ണൂരിലെയും ഉദ്യോഗസ്ഥരെത്തി ഹോട്ടലിൽ പരിശോധന നടത്തും. ഹോട്ടലിലെ വെള്ളവും ഭക്ഷണവും പരിശോധിക്കും.
ഒരാഴ്ചയ്ക്കിടെയുള്ള രണ്ടാമത്തെ ഭക്ഷ്യവിഷബാധയേറ്റുള്ള മരണമാണിത്. അൽഫാമിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം സ്വദേശിനി രശ്മി തിങ്കളാഴ്ചയാണ് മരിച്ചത്. ഇതിനുമുൻപ് കാസർകോട് തന്നെ ഷവർമ കഴിച്ച് ദേവനന്ദയെന്ന പെൺകുട്ടി മരിച്ചിരുന്നു.