മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റം,ശക്തമായ വകുപ്പുകള്‍ ചുമത്തണം, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഉടന്‍: ആരോഗ്യമന്ത്രി

Share our post

സംസ്ഥാനത്തെ ഞെട്ടിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റം. കാസര്‍ഗോഡ് പെണ്‍കുട്ടി മരിച്ചതിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ ശക്തമായ വകുപ്പുകള്‍ ചുമത്തണം. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയാല്‍ പിന്നെ തുറക്കാന്‍ കഴിയില്ല.

സംസ്ഥാനത്ത് മുഴുവന്‍ പരിശോധന അധികാരമുള്ള സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഉടന്‍ രൂപീകരിക്കും. പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ തന്നെ പുറത്തിറങ്ങും. ഉദ്യോഗസ്ഥര്‍ക്ക് ഭയമില്ലാതെ നടപടിയെടുക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തും.

ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. കുഴിമന്തി കഴിച്ച് കാസര്‍ഗോഡ് സ്വദേശിയായ അഞ്ജുശ്രീ പാര്‍വ്വതി മരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. നേരത്തേ കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് രമ്യയെന്ന യുവതിയും മരിച്ചു. ഈ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!