മാലിന്യം ശേഖരിക്കാൻ യൂസർഫീ നൽകണം ; തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾക്ക് ഹരിതകർമ സേന നൽകുന്ന രസീതിന്റെ പകർപ്പ് നൽകണം

Share our post

തിരുവനന്തപുരം: പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ശേഖരിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന യൂസർഫീസ് ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകാൻ നിയമപ്രകാരം വീടുകളും സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന്‌  മന്ത്രി എം ബി രാജേഷ് പറഞ്ഞു. 2016ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടത്തിൽ ഇതുണ്ട്‌.  

വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും 100 ശതമാനം യൂസർഫീ ശേഖരിക്കുന്നതിന് അനുയോജ്യമായ നടപടികൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സ്വീകരിക്കാം. ഇതുസംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ച  പുറത്തിറക്കി.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന സേവനങ്ങൾക്കായി ഹരിതകർമസേന നൽകുന്ന യൂസർ ഫീ കാർഡ്/രസീതിന്റെ പകർപ്പ് ലഭ്യമാക്കുന്നതിന് അപേക്ഷകനോട് നിർദേശിക്കാനാകുമെന്നും ഉത്തരവിലുണ്ട്. മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകർമ സേനാംഗങ്ങൾക്ക് 50 രൂപ യൂസർഫീസ് നൽകുന്നത് കൊള്ളയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിപ്പിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ നടപടി. 

മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാ​ഗമാണ് പ്രചാരണമെന്ന് മന്ത്രി  പറഞ്ഞു. പഞ്ചായത്തുകളിലെ സേവനത്തിന് ഹരിതകർമസേനയ്ക്ക് ഫീസ് അടച്ച രസീത് നിർബന്ധമാണോയെന്ന ചോദ്യത്തിനുള്ള മറുപടി ഉയർത്തിയാണ്  ദുഷ്പ്രചാരണം നടക്കുന്നത്. നിലവിൽ അത്തരം നിയമങ്ങളോ ഉത്തരവുകളോ ഇല്ലെന്ന മറുപടി, ഹരിതകർമസേനയ്ക്ക് പണം കൊടുക്കാൻ നിയമമില്ലെന്ന് തെറ്റായി വ്യാഖ്യാനിച്ചാണ് പ്രചാരണം നടത്തുന്നത്.

തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയ മറുപടി നൽകിയ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കും. ഇതിന്റെ മറപിടിച്ച് വ്യാജവാർത്തകളും നുണപ്രചാരണവും പടച്ചുവിടുന്നവർക്കെതിരെ നിയമ‍ നടപടി സ്വീകരിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഡിജിപിക്ക് പരാതി നൽകിയതായും മന്ത്രി പറഞ്ഞു.
 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!