പയ്യന്നൂർ ടൗണിൽ ഒഴിയാതെ ഗതാഗതക്കുരുക്ക്; കണ്ണടച്ച് പോലീസും നഗരസഭയും

പയ്യന്നൂർ : ടൗണിലെ ഗതാഗതക്കുരുക്ക് ആര് പരിഹരിക്കും? ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകേണ്ട പോലീസും നഗരസഭയും പുറം തിരിഞ്ഞ് നിൽക്കുന്നു. തീവ്രപരിചരണം ലഭിക്കേണ്ട രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും കുരുക്കിൽ കുടങ്ങി നട്ടം തിരിയുന്നു. ഒരു നിയന്ത്രണവുമില്ലാതെ റോഡരികിൽ അനധികൃത പാർക്കിങ്ങും വൺവേ സംവിധാനത്തെ വെല്ലുവിളിച്ചുള്ള നിയമ ലംഘനവും ടൗണിൽ പതിവു കാഴ്ചയാണ്.
പല സന്ദർഭങ്ങളിലും ഡ്രൈവർമാർ വാശി തീർക്കുന്നത് തിരക്കേറിയ റോഡിൽ വാഹനം നിർത്തിയിട്ടു കൊണ്ടാണ്. ഇതൊന്നും പരിഹരിക്കാൻ പൊലീസ് തയാറാകുന്നില്ല. അത് ചെയ്യിപ്പിക്കാൻ നഗരസഭയും മെനക്കെടുന്നില്ല. മുൻ നഗരസഭ കൗൺസിലുകൾ നടപ്പാക്കിയ വൺവേ സംവിധാനം നിലവിലുള്ള കൗൺസിൽ നടപ്പിലാക്കാൻ തയാറാവാത്തത് രൂക്ഷമായ ഗതാഗത കുരുക്കുണ്ടാക്കുന്നുണ്ട്. വൺവേ സംവിധാനം കർശനമായി നടപ്പാക്കാൻ നിലവിലുള്ള കൗൺസിൽ വിളിച്ച് ചേർത്ത ട്രാഫിക് കമ്മിറ്റി തീരുമാനിച്ചുവെങ്കിലും 6 മാസമായിട്ടും അത് നടപ്പാക്കിയില്ല.
എൽ.ഡി.എഫ് ഭരിക്കുന്ന നഗരസഭയ്ക്കെതിരെ ഈ ആവശ്യം ഉന്നയിച്ച് സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള ഓട്ടോ തൊഴിലാളികൾ സമരം നടത്തിയിട്ടും ഫലമുണ്ടായില്ല. ഗതാഗത കുരുക്കിൽ ആംബുലൻസുകൾ കുടുങ്ങി കിടക്കുന്ന പ്രശ്നം പയ്യന്നൂരിൽ കുറവായിരുന്നു.
എന്നാൽ ഇപ്പോൾ അതും ടൗണിൽ പതിവ് കാഴ്ചയായി മാറി. ടൗണിലെ എല്ലാ റോഡുകളിലും ആസ്പത്രികളുണ്ട്. അവിടെന്നെല്ലാം രോഗികളുമായി ആംബുലൻസിന് ദേശീയ പാതയിലെത്താൻ ഏറെ സമയം വേണ്ടി വരുന്നു. വാഹനപ്പെരുപ്പമല്ല ടൗണിലെ ഗതാഗതക്കുരുക്കിന് കാരണം. അനധികൃത പാർക്കിങ്ങും വൺവേ ലംഘനവുമാണ് പ്രധാന കാരണം.