ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റ്‌ മരിച്ചനിലയില്‍: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Share our post

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍. കൊമ്പരമുക്ക് സ്വദേശി രമേശന്‍(48), ഭാര്യ സുലജ കുമാരി(46), മകള്‍ രേഷ്മ(23) എന്നിവരാണ് മരിച്ചത്. കിടപ്പ് മുറിയില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍. വെള്ളിയാഴ്ച അര്‍ധരാത്രി 12.30 മണിയോടെയാണ് സംഭവം. കടബാധ്യത മൂലം ഇവര്‍ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെയാണ് രമേശന്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത്. കിടപ്പുമുറിയിലായിരുന്നു മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി പന്ത്രണ്ടു മണിയോടെ ജനല്‍ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയല്‍വാസികള്‍ നോക്കിയപ്പോഴാണ് കിടപ്പു മുറിക്കുള്ളില്‍ നിന്നും തീ ആളിക്കത്തുന്നത് കണ്ടത്.

വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുന്‍വാതില്‍ തകര്‍ത്ത് സമീപവാസികള്‍ അകത്തെത്തിയെങ്കിലും കിടപ്പുമുറിയുടെ വാതില്‍ തുറക്കാതിരിക്കാന്‍ അലമാരയും മറ്റും ചേര്‍ത്തുവെച്ചിരുന്നു. പുറത്തെ ജനലിലൂടെ അകത്തേക്ക് വെള്ളമൊഴിച്ചെങ്കിലും മൂവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

മരിച്ച രമേശന് വലിയ കടബാധ്യതയും ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കുന്നുണ്ട്. ലോണ്‍ തിരിച്ചടയ്ക്കാത്ത സാഹചര്യത്തില്‍ രമേശന്റെ വീടും പറമ്പും ജപ്തി ചെയ്യുന്ന സാഹചര്യവും ഉണ്ടായിരുന്നു. ലോണ്‍ എടുക്കാനാണ് രമേശന്‍ വിദേശത്തുനിന്നെത്തിയത്. എന്നാല്‍, സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വീടും വസ്തുവും വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കേസില്‍പ്പെട്ടതിനാല്‍ വില്‍ക്കാന്‍ കഴിഞ്ഞില്ല.

ഇവര്‍ക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്. എന്നാല്‍ മകന്‍ സ്ഥലത്തില്ലായിരുന്നു. പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!