കഠിനംകുളത്തെ ആത്മഹത്യയ്‌ക്ക് കാരണം പലിശക്കുരുക്ക്; ലോൺ എടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതായി ബന്ധുക്കൾ

Share our post

തിരുവനന്തപുരം: കഠിനംകുളത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്‌ത സംഭവത്തിന് കാരണമായത് പണം കടംവാങ്ങിയതിന്റെ പലിശക്കുരുക്ക് കാരണമെന്ന് സൂചന. ബന്ധുക്കൾ നൽകുന്ന വിവരമനുസരിച്ച് വിവിധയിടങ്ങളിൽ നിന്നായി കുടുംബത്തിന് ഏതാണ്ട് 12 ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നതായി വിൽപത്രത്തിൽ നിന്നും സൂചനകൾ ലഭിച്ചിട്ടുണ്ട്.

ഇതിന്റെ പലിശയും പിഴപലിശയുമടക്കം പണമടച്ചിരുന്നു. പടിഞ്ഞാറ്റുമുക്ക് രമേശൻ, ഭാര്യ സുലജ കുമാരി, മകൾ രേഷ്‌മ എന്നിവരാണ് മരിച്ചത്.ഇവർക്കെതിരെ കേസ് നൽകിയവരുടെ കടങ്ങളെല്ലാം വീടും സ്ഥലവും വിറ്റ് വീട്ടിയിരുന്നു. എന്നാൽ പണം പലിശയ്‌ക്ക് കടം നൽകിയ മറ്റ് ചിലർ കേസ് കൊടുത്തിരുന്നില്ല. ഇവർക്കുള‌ള പണം നൽകുന്നതിനായി ലോൺ എടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതിന് സാധിച്ചില്ല.

ഇതോടെയാണ് കുടുംബം ആത്മഹത്യയിലേക്ക് നീങ്ങിയതെന്നാണ് സൂചന. ബാങ്കുകളിൽ നിന്നല്ല സ്വകാര്യ വ്യക്തികളിൽ നിന്നാണ് പണം പലിശയ്‌ക്ക് വാങ്ങിയത് എന്നാണ് വിവരം.വീട്ടിലെ കിടപ്പുമുറിയിലാണ് മൂവരെയും പൊള‌ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.അടുത്തുള‌ള മുറിയിൽ സുലജ കുമാരിയുടെ മാതാപിതാക്കളുണ്ടായിരുന്നു.

എന്നാൽ ഇവർക്കും രക്ഷിക്കാനായില്ല. അർദ്ധരാത്രി 12 മണിയോടെ മുറിയിലെ ചില്ലുകൾ പൊട്ടിത്തെറിക്കുന്ന ശബ്‌ദം കേട്ട അയൽവാസികൾ മുറിയിൽ നിന്നും തീ ആളിപ്പടരുന്നത് കണ്ടു. ഉടൻ വീട്ടിലെത്തിയെങ്കിലും അകത്ത് നിന്നും പൂട്ടിയിരുന്നു. മുൻ വാതിൽ തകർത്ത് അകത്തെത്തിയെങ്കിലും കിടപ്പുമുറിയിലെ വാതിൽ അലമാരയടക്കം വച്ച് കടക്കാനാകാത്ത വിധം ബന്ധിച്ചിരുന്നു. ജനാല വഴി അകത്തേക്ക് വെള‌ളമൊഴിച്ചെങ്കിലും മൂവരും വൈകാതെ മരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!