നിക്ഷേപത്തട്ടിപ്പ്; 5300 രൂപ മുതൽ 80 ലക്ഷത്തോളം രൂപ വരെ നിക്ഷേപിച്ചവർ പരാതിയുമായി ടൗൺ സ്റ്റേഷനിലെത്തി

Share our post

കണ്ണൂർ : സ്വകാര്യ കമ്പനികളായ അർബൻ നിധിയുടെയും സഹസ്ഥാപനമായ എനി ടൈം മണിയുടെയും നിക്ഷേപത്തട്ടിപ്പിനെതിരെ പരാതിപ്രളയം. 5300 രൂപ മുതൽ 80 ലക്ഷത്തോളം രൂപ വരെ നിക്ഷേപിച്ചവർ ഇന്നലെയും പരാതിയുമായി ടൗൺ സ്റ്റേഷനിലെത്തി. സ്ത്രീകളടക്കം നൂറുക്കണക്കിനു പരാതിക്കാരാണ് ഇന്നലെ ടൗൺ സ്റ്റേഷനിലെത്തിയത്.

കഷ്ടപ്പെട്ടു സമ്പാദിച്ച പണം നഷ്ടപ്പെടുമോയെന്ന ആശങ്കയും വേവലാതിയുമായിരുന്നു പരാതിക്കാർക്ക്. എനി ടൈം മണിയുടെ (എടിഎം) ഡയറക്ടറായ ആന്റണി, 2 സ്ഥാപനങ്ങളിൽ നിന്നുമായി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു നടത്തിയതാണു പ്രശ്നത്തിനിടയാക്കിയതെന്നു പൊലീസ് കസ്റ്റഡിയിലുള്ള ഷൗക്കത്ത് അലി ആരോപിച്ചു.

‘ആന്റണിയും അദ്ദേഹത്തിന്റെ സഹോദരനുമാണ് എടിഎമ്മിന്റെ ഡിജിറ്റൽ ബാങ്കിങ്ങിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ആന്റണി, എടിഎമ്മിൽ നിന്ന് 90 ലക്ഷം രൂപയും അർബൻ നിധിയിൽ നിന്ന് 8.62 കോടി രൂപയും തട്ടിപ്പു നടത്തിയതായി ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.

ആകെ 17 കോടിയോളം രൂപയുടെ തട്ടിപ്പ് ആന്റണി നടത്തിയതായി സംശയമുണ്ട്. അർബൻ നിധിയുടെ എല്ലാ ഫണ്ടും കൈകാര്യം ചെയ്തത് ആന്റണിയാണ്. ഇക്കാര്യത്തിൽ ഡിഐജിക്കു പരാതി നൽകിയിട്ടുണ്ട്.’ ഷൗക്കത്ത് അലി പറഞ്ഞു. അർബൻ നിധിക്കു പുറമെ, എടിഎമ്മിലെ ജീവനക്കാരും പരാതിയുമായി ഇന്നലെ രംഗത്തെത്തി.

തങ്ങൾ മുഖേനെ നിക്ഷേപം നടത്തിയവരുടെ പൈസ തിരികെ നൽകണമെന്നാണിവരുടെ ആവശ്യം. 45,000 രൂപ മാസ ശമ്പളത്തിന് എടിഎമ്മിൽ ജോലിയിൽ പ്രവേശിക്കാനായി കണ്ണൂർ നിധിയിലേക്ക് 15 ലക്ഷം കണ്ടെത്തണമെന്നായിരുന്നു ബോണ്ട്. നിക്ഷേപത്തട്ടിപ്പ് എത്രത്തോളമുണ്ടെന്നു വ്യക്തമായിട്ടില്ല. മുഴുവൻ പരാതിക്കാരുടെയും മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ അതു വ്യക്തമാകൂ.

പക്ഷേ, സ്ഥാപനത്തിന് 38 കോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. പരാതിയുമായി വരുന്ന പലരും കേസ് ഒഴിവാക്കാനാണു താൽപര്യപ്പെടുന്നത്. നിക്ഷേപം തിരിച്ചു കിട്ടില്ലെന്ന ഭയമായിരിക്കാം കാരണം.- പി.എ.ബിനു മോഹൻ, ഇൻസ്പെക്ടർ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!