ആകാശവിസ്മയം തീര്‍ക്കാന്‍ ഇക്കൊല്ലം ഒരു പൂര്‍ണ സൂര്യഗ്രഹണമുള്‍പ്പെടെ നാല് ഗ്രഹണങ്ങള്‍

ഈവര്‍ഷം ആകാശവിസ്മയം തീര്‍ക്കാന്‍ ഒരു പൂര്‍ണ സൂര്യഗ്രഹണമുള്‍പ്പെടെ നാല് ഗ്രഹണങ്ങള്‍. ഇതില്‍ രണ്ടെണ്ണം ഇന്ത്യയില്‍ ദൃശ്യമാകുമെന്നതാണ് പ്രത്യേകത. രണ്ടുവീതം ചന്ദ്ര, സൂര്യഗ്രഹണങ്ങള്‍ക്കാണ് ലോകം സാക്ഷ്യംവഹിക്കുകയെന്ന് ഉജ്ജയിനിയിലെ ജിവാജി വാനനിരീക്ഷണകേന്ദ്രം സൂപ്രണ്ട് ഡോ. രാജേന്ദ്രപ്രസാദ് ഗുപ്ത് പറഞ്ഞു. ഏപ്രില്‍ 20-ലെ പൂര്‍ണസൂര്യഗ്രഹണമാണ് ഇതിലാദ്യത്തേത്.
എന്നാല്‍, ഇത് ഇന്ത്യയില്‍ ദൃശ്യമാകില്ല. പിന്നീട് മേയ് അഞ്ചിനും ആറിനും ഇടയിലെ രാത്രിയില്‍ ഇന്ത്യയിലുള്‍പ്പെടെ ഭാഗിക ‘പെനുമ്പ്രല്‍’ ചന്ദ്രഗ്രഹണം അനുഭവപ്പെടും. ചന്ദ്രന്‍ ഭൂമിയുടെ നിഴലിന്റെ നേരിയ, മങ്ങിയ പുറംഭാഗമായ പെനുമ്പ്രയിലൂടെ കടന്നുപോകുമ്പോള്‍ ചന്ദ്രനില്‍ വീഴുന്ന സൂര്യപ്രകാശം ഭാഗികമായി ഇല്ലാതാകും. ചന്ദ്രനെ കാണാന്‍ കഴിയുമെങ്കിലും തെളിച്ചം നന്നേ കുറവായിരിക്കും. ഇതാണ് ‘പെനുമ്പ്രല്‍’ ചന്ദ്രഗ്രഹണം.
ഒക്ടോബര്‍ 14-നും 15-നും ഇടയില്‍ വലയസൂര്യഗ്രഹണം സംഭവിക്കുമെങ്കിലും രാത്രിയായതിനാല്‍ ഇന്ത്യയില്‍ ദൃശ്യമാകില്ല. ഒക്ടോബര്‍ 28-നും 29-നും ഇടയിലെരാത്രിയില്‍ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും.
ചന്ദ്രന്റെ 12.6 ശതമാനം ഭാഗവും ഭൂമിയുടെ നിഴലിലായിരിക്കും. ഇത് ഇന്ത്യയില്‍ ദൃശ്യമാകും. സൂര്യനും ഭൂമിക്കും ഇടയില്‍ ഒരേപാതയില്‍ ചന്ദ്രന്‍ വരുമ്പോള്‍ സൂര്യഗ്രഹണവും സൂര്യനും ചന്ദ്രനുമിടയില്‍ ഒരേ പാതയില്‍ ഭൂമിവരുമ്പോള്‍ ചന്ദ്രഗ്രഹണവുമാണ് ഉണ്ടാവുക.