ബെംഗളൂരു: ഗ്രീന്‍ഫീല്‍ഡ് ഇടനാഴിയുടെ ഭാഗമായി പണിത ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും. പത്തുവരിയുള്ള ഈ പാത തുറന്നുകൊടുക്കുന്നതോടെ ബെഗളൂരു-മൈസൂരു യാത്രാസമയം ഒരു മണിക്കൂര്‍ 20 മിനിറ്റായി കുറയും. ഫെബ്രുവരി അവസാനം പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 9000 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് നിഡഗട്ടവരെയും അവിടംമുതല്‍ മൈസൂരു വരെയും രണ്ട് ഘട്ടങ്ങളായിട്ടാണ് പാത നിര്‍മിച്ചിരിക്കുന്നത്. ഗ്രീന്‍ഫീല്‍ഡ് പദ്ധതിയുടെ ഭാഗമായി വരുന്ന അഞ്ച് ബൈപ്പാസുകള്‍ അടങ്ങുന്ന 52 കിലോമീറ്റര്‍ പാത ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്നാണ് കരുതുന്നത്.
പാതയുടെ ഇരുവശങ്ങളിലായി രണ്ടുവരികള്‍ വീതം സമീപമുള്ള ഗ്രാമങ്ങളിലേക്ക് നയിക്കുന്ന പാതകളും ഉണ്ടായിരിക്കും. ഈ രണ്ട് പാതകളും ഗ്രാമങ്ങളുടെ ഗതാഗത ആവശ്യങ്ങളും നിറവേറ്റും. ബാക്കിയുള്ള ആറു വരികള്‍ പ്രധാന പാതയുടെ ഭാഗമായി തന്നെ നിലനില്‍ക്കും. നിലവില്‍ മൂന്നുമുതല്‍ നാല് മണിക്കൂർ വരെയാണ് മൈസൂരു-ബെംഗളൂരു യാത്രയ്ക്ക് വേണ്ടിവരുന്നത്. ഇത് മൂന്നിലൊന്നായി കുറയ്ക്കാനും ഇന്ധന ഉപയോഗം ലാഭിക്കാനും പദ്ധതി സഹായകരമാകും.
ദേശീയപാതയുടെയും മറ്റു പദ്ധതികളുടെയും പുരോഗതി വ്യാഴാഴ്ച മന്ത്രി പരിശോധിച്ചു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളുമായി പങ്കുവെച്ചു. ബെംഗളൂരുവിലെ ഗതാഗത തടസ്സങ്ങള്‍ക്ക് ഇത് പരിഹാരമാകും, ഗഡ്കരി ട്വിറ്ററില്‍ കുറിച്ചു. പുത്തന്‍ സാധ്യതകള്‍ക്കും വ്യവസായ നിക്ഷേപങ്ങള്‍ക്കും പദ്ധതി പൂര്‍ത്തീകരണത്തോടെ വഴിതുറക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. വിദ്യാഭ്യാസ, വ്യവസായ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും ഇത് ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് പാത, ബെംഗളൂരു റിങ് റോഡ് എന്നിവയുടെ നിര്‍മ്മാണ പുരോഗതിയും കേന്ദ്രമന്ത്രി പരിശോധിച്ചു. ബെംഗളൂരു-ചെന്നൈ അതിവേഗപാത അടുത്തവര്‍ഷം മാര്‍ച്ചോടെ പൂര്‍ത്തിയാകും. 262 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എട്ടുവരിപ്പാത 16,730 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിക്കുന്നത്. കര്‍ണാടകം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. കര്‍ണാടകത്തിലെയും ആന്ധ്രാപ്രദേശിലെയും വ്യവസായ ഹബ്ബുകളെ ബന്ധിപ്പിക്കുന്നതാകും പാതയെന്നും ബെംഗളൂരുവിലെയും ചെന്നൈയിലെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പാത പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള ദൂരം 40 കിലോമീറ്റര്‍ കുറയുകയും യാത്രാസമയം രണ്ട് മണിക്കൂര്‍ 50 മിനിറ്റായി ചുരുങ്ങുകയും ചെയ്യും. മൈസൂരുവിലേക്കുള്ള അതിവേഗപാത പൂര്‍ത്തിയാകുന്നതോടെ യാത്രാസമയം ഒന്നരമണിക്കൂറായി കുറയും. കെങ്കേരിമുതല്‍ മൈസൂരുവരെ 118 കിലോമീറ്ററാണ് പാതയുടെ ദൂരം. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും പാതയില്‍ ഭൂരിഭാഗവും യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്.
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കുന്നതിനുവേണ്ടി പാതകളില്‍ സാറ്റലൈറ്റ് ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു കര്‍ണാടകത്തില്‍ രണ്ടുലക്ഷം കോടി രൂപയുടെ 8005 കിലോമീറ്റര്‍ റോഡ് പദ്ധതിയാണ് ദേശീയ പാതാ അതോറിറ്റി നടത്തിവരുന്നതെന്നും ഗഡ്കരി പറഞ്ഞു.