പ്രായം ഒൻപതു മാസം; മൂന്നു മാസത്തിനിടെ അഗ്‌നിക വരച്ചത് 62 ചിത്രങ്ങള്‍, 55 എണ്ണം പ്രദര്‍ശനത്തിന്

Share our post

തലശ്ശേരി: അച്ഛന്റെ കൈയിലിരുന്ന് ഒന്‍പതുമാസം പ്രായമായ അഗ്‌നിക രഞ്ചു ബ്രഷ് പിടിച്ച് കാന്‍വാസില്‍ ചിത്രം വരയ്ക്കും. ബ്രഷ് ഉപയോഗിച്ചുള്ള വര മാത്രമാണ് അഗ്‌നികയുടേത്. മറ്റുള്ളവ രക്ഷിതാക്കള്‍ ചെയ്യും. ജനിച്ച് ആറാംമാസത്തില്‍ കളിക്കാനുള്ള സാധനങ്ങളായി അച്ഛന്‍ രഞ്ചു മകള്‍ക്ക് നല്‍കിയത് നിറങ്ങളാണ്. അവ ഉപയോഗിച്ച് അഗ്‌നിക വരയ്ക്കാന്‍ തുടങ്ങി.

വിദേശ സിനിമ, ഗെയിം, അനിമേഷന്‍ മേഖലയില്‍ വിഷ്വല്‍ ഡെവലപ്മെന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന മുഴക്കുന്ന് വട്ടപ്പൊയില്‍ സരോവരത്തില്‍ എം.വി. രഞ്ചുവിന്റെയും അനഘയുടെയും മകളാണ് അഗ്‌നിക. ഇക്കഴിഞ്ഞ വിദ്യാരംഭത്തിനാണ് ബ്രഷും പെയിന്റും നല്‍കിയത്. അതിനുശേഷം അഗ്‌നിക വരച്ച ചിത്രം വീടിന്റെ ലിവിങ് മുറിയില്‍ വെച്ചു.

പെയിന്റിങ് കാണുമ്പോള്‍ ദിവസവും കുട്ടി സന്തോഷിച്ചു. കുട്ടിയുടെ സന്തോഷം കണ്ട് മൂന്ന് ചിത്രങ്ങള്‍ കൂടി വരപ്പിച്ചു. പിന്നീട് 15 ചിത്രങ്ങള്‍ അഗ്‌നിക വരച്ചു. കുട്ടിയുടെ ചിത്രപ്രദര്‍ശനം നടത്താന്‍ രണ്ട് ആര്‍ട്ട് ഗാലറികളെ സമീപിച്ചപ്പോള്‍ പ്രതീക്ഷിച്ച സഹകരണം ലഭിച്ചില്ല. ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി അധികൃതര്‍ സഹകരിച്ചതോടെ തലശ്ശേരിയിലെ ഗാലറിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

മൂന്നുമാസത്തിനിടെ 62 ചിത്രങ്ങള്‍ അഗ്‌നിക വരച്ചു. അവയില്‍ 55 എണ്ണത്തിന്റെ പ്രദര്‍ശനം ‘വര്‍ണ കുസൃതി’കള്‍ എന്നപേരില്‍ ലളിതകലാ അക്കാദമി തലശ്ശേരി ആര്‍ട്ട് ഗാലറിയില്‍ നടക്കും. വെള്ളിയാഴ്ച 11-ന് കെ. തേജസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുമെന്ന് ചിത്രകാരന്‍മാരായ പ്രദീപ് ചൊക്ലിയും എ. സത്യനാഥും പറഞ്ഞു. ചൊവ്വാഴ്ചവരെയാണ് പ്രദര്‍ശനം.

ജലച്ചായത്തോടുള്ള താത്ര്യവും കുട്ടികള്‍ക്ക് അതാണ് നല്ലതെന്ന കാഴ്ചപ്പാടും കാരണം അഗ്‌നികയ്ക്ക് ജലച്ചായമാണ് വരയ്ക്കാനായി നല്‍കിയത്. ഇതിനെ കലയായി കാണുന്നില്ലെന്നും കുട്ടിയുടെ കുസൃതിയായി മാത്രമേ കാണുന്നുള്ളുവെന്നും ചിത്രകലയില്‍ ബിരുദാനന്തര ബിരുദധാരിയായ രഞ്ചു പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!