യെല്ലോ ഹൗസിന് പോയന്റ് കൂട്ടാനിറങ്ങി മണത്തണയ്ക്കൊരു മുത്തിനെ കിട്ടി

പ്ലസ്ടു ക്ലാസിലെ അർത്ഥന, ക്ലാസായ ക്ലാസെല്ലാം കയറിയിറങ്ങി നടത്തിയ അന്വേഷണം മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നൽകിയത് നാടോടിനൃത്തത്തിൽ എ ഗ്രേഡ്. തെളിഞ്ഞുവന്നത് യദുകൃഷ്ണൻ എന്ന പൊൻമുത്തും. ഫ്ളാഷ് ബാക്ക് ഇങ്ങനെ: മണത്തണ ഗവ. ഹയർ സെക്കൻഡറിയിൽ സ്കൂൾതല കലോത്സവം നടക്കുന്നു. അർത്ഥനയായിരുന്നു യെല്ലോ ഹൗസിന്റെ സാരഥികളിലൊരാൾ.
ഹൗസിന് പോയന്റുകൂട്ടാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണ് അർത്ഥനയും കൂട്ടരും. ആൺകുട്ടികളുടെ നൃത്തത്തിൽ മത്സരിക്കാൻ ആരെയെങ്കിലും കിട്ടിയാൽ അതൊരു നേട്ടമായിരിക്കുമെന്ന് അവർ കണക്കുകൂട്ടി. അന്വേഷണത്തിനൊടുവിലാണ് സംഘം യദുകൃഷ്ണനെ കണ്ടെത്തുന്നത്.
മൂന്നാംക്ലാസിൽ നൃത്തംപഠിച്ചുതുടങ്ങിയ യദു അഞ്ചാംക്ലാസിൽ നൃത്തപഠനം അവസാനിപ്പിച്ച കഥ അവർകേട്ടു. ഒപ്പം ഒരമ്മയുടെ പോരാട്ടത്തിന്റെയും. യദുവിന് നാലാംവയസ്സുള്ളപ്പോഴാണ് അച്ഛൻ പേരാവൂർ കല്ലൻപറമ്പിൽ വീട്ടിൽ രമേശ് മരിക്കുന്നത്.
ഒന്നരവയസ്സുള്ള മകൾ അളകനന്ദയെയുംകൊണ്ട് അമ്മ കെ.പി. വിനീത ജീവിതത്തിനു മുന്നിൽ പകച്ചുനിന്നു. അടുപ്പ് പുകയോണോ മകന്റെ നൃത്തം തുടരണോയെന്ന ചോദ്യം തനിയെ ചോദിച്ചു. നൃത്തം അവസാനിപ്പിക്കുകമാത്രമായിരുന്നു ഏകമാർഗം. വിനീത വീടുകളിൽ ജോലിക്കുപോയി മക്കളുടെ അന്നവും അറിവും മുറിയാതെ കാത്തു. പഠിച്ച നൃത്തച്ചുവടുകൾ മനസ്സിലിട്ട് യദു പ്ലസ് വണ്ണിലെത്തിയപ്പോഴാണ് അർത്ഥനയുടെ മത്സരിക്കാമോയെന്ന ചോദ്യമെത്തിയത്.
അധ്യാപകരും വിദ്യാർഥികളും ഒറ്റക്കെട്ടായി യദുവിനു പിന്നിൽനിരന്നു. സ്വതവേ ചെലവു കുറഞ്ഞ നാടോടിനൃത്തംതന്നെ പ്രധാന ഇനമായി യദുവിനെ പഠിപ്പിച്ചു. പ്രിയേഷ് മണത്തണയാണ് മറന്നുവെച്ച ചുവടുകൾ കൃത്യമാക്കിയത്. ഉപജില്ലയിലും ജില്ലയിലും യദു ഒന്നാമതെത്തി.
സംസ്ഥാനത്ത് എ ഗ്രേഡും നേടിയപ്പോൾ ചേർത്തുനിർത്തി നെറുകയിലുമ്മ നൽകി അമ്മ വിനീത ഇങ്ങനെ പറഞ്ഞു- ‘‘നിന്റെ ഉള്ളിലെ നൃത്തം എന്നെങ്കിലും തിളങ്ങുമെന്ന് എനിക്കറിയാമായിരുന്നു’’.