വിഷയം മാനുഷികം, കൂട്ടമായി ഒഴിപ്പിക്കാനാകില്ല; ഹല്‍ദ്വാനിയിലെ കുടിയൊഴിപ്പിക്കലില്‍ സുപ്രീംകോടതി

Share our post

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ തടഞ്ഞ് സുപ്രീം കോടതി. റെയില്‍വേ സ്റ്റേഷന് സമീപത്തെ കോളനിയില്‍ താമസിക്കുന്ന അമ്പതിനായിരത്തോളം പേരെ ഒരാഴ്ചയ്ക്കുള്ളില്‍ കുടിയൊഴിപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു.

ഇത് മാനുഷിക വിഷയമാണെന്നും കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം ഉള്‍പ്പടെ ഉറപ്പ് വരുത്തേണ്ടതാണെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഏഴ് ദിവസത്തിനകം മാറിയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കാമെന്നും അതിനായി പോലീസിനെയും അര്‍ദ്ധസൈനിക വിഭാഗത്തെയും ഉപയോഗിക്കാമെന്നുമായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി. ഇതനുസരിച്ച് ജനുവരി ഒമ്പതിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോളനി വാസികള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നവരില്‍ 90 ശതമാനം പേരും മുസ്ലിങ്ങളാണ്.

1947 മുതല്‍ കോളനിയില്‍ ജീവിക്കുന്നവരുണ്ട്. ചിലരുടെ പക്കല്‍ പട്ടയമുണ്ട്. ചിലര്‍ ഭൂമി വാങ്ങിയതാണെന്ന് പറയുന്നു. അറുപത് – എഴുപത് വര്‍ഷമായി ഒരു പ്രദേശത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുമ്പോള്‍ അവരുടെ പുനരധിവാസം ഉറപ്പാക്കേണ്ടതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

അനധികൃതമായി താമസിക്കുന്നവരാണെങ്കില്‍ പോലും അവരുടെ പുനരധിവാസം ഒരുക്കേണ്ടതാണ്. മാനുഷികമായ ഈ വിഷയത്തില്‍ പ്രായോഗികമായ ഒരു പരിഹാരം കാണാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും റയില്‍വേയോടും സുപ്രീം കോടതി നിര്‍ദേശിച്ചു. ഫെബ്രുവരി ഏഴിന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്ത് ഒരു തരത്തിലുള്ള പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹല്‍ദ്വാനി റയില്‍വേ സ്റ്റേഷന് സമീപത്തെ ഗഫൂര്‍ ബസ്തി, ധോലാക് ബസ്തി, ഇന്ദിരാ നഗര്‍ തുടങ്ങി രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ നാലായിരത്തോളം കെട്ടിടങ്ങള്‍ ആണ് ഒഴിപ്പിക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടത്.

ഈ പ്രദേശത്ത് നാല് സര്‍ക്കാര്‍ സ്‌കൂളുകളും പതിനൊന്ന് സ്വകാര്യ സ്‌കൂളുകളും പത്ത് പള്ളികളും നാല് അമ്പലങ്ങളും ഒരു ബാങ്കും ഉള്‍പ്പടെ ഉണ്ട്. അനധികൃത കൈയേറ്റം ആണെങ്കില്‍ എങ്ങനെയാണ് സര്‍ക്കാര്‍ സ്‌കൂളുകളും ബാങ്കും ഉണ്ടാകുകയെന്നാണ് കോളനി നിവാസികള്‍ ചോദിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!