ഇത് സൗഹൃദത്തിന്റെ ‘സ്‌നേഹതീര്‍ഥം’; അജയന് വീടുനിര്‍മിച്ചു നല്‍കി പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ

പുനലൂര്‍: അജയന്റെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി സഹപാഠികള്‍. പുനലൂര്‍ ശ്രീനാരായണ കോളേജിലെ പൂര്‍വവിദ്യാര്‍ഥികള്‍ തങ്ങളുടെ കൂട്ടുകാരനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ വ്യാഴാഴ്ച കൈമാറും.
1979-81 കാലഘട്ടത്തിലെ പ്രീഡിഗ്രി വിവിധ ഗ്രൂപ്പുകളിലെ വിദ്യാര്‍ഥികളുടെ സൗഹൃദക്കൂട്ടായ്മയായ ‘ഹില്‍ട്ടോപ്പാ’ണ് സഹപാഠിയായ ആവണീശ്വരം സ്വദേശി അജയന് വീട് നിര്‍മിച്ചുനല്‍കുന്നത്. തീര്‍ഥമെന്ന പേരിട്ട വീടിന്റെ പാലുകാച്ചല്‍ ചടങ്ങും താക്കോല്‍ കൈമാറലും വ്യാഴാഴ്ച രാവിലെ പത്തിന് നടത്തുമെന്ന് കൂട്ടായ്മ ഭാരവാഹികളായ ജോണ്‍ തോമസ്, പ്രദീപ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
710 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 11.5 ലക്ഷം രൂപ ചെലവഴിച്ച് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വീട് ഒരുക്കിയിട്ടുള്ളത്. അജയനും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം വാടകവീട്ടിലാണ് കഴിയുന്നത്. വിദേശരാജ്യങ്ങളിലും മറ്റും ജോലിചെയ്യുന്ന സഹപാഠികളുടെകൂടി സഹായത്തോടെയാണ് ഇവര്‍ക്കായി കിടപ്പാടം ഒരുക്കിയത്.
ദൂരദേശങ്ങളില്‍നിന്നു പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ ലഘുഭക്ഷണം നല്‍കുന്നതടക്കമുള്ള പദ്ധതികള്‍ പ്രിന്‍സിപ്പല്‍ ഡോ. സന്തോഷിന്റെ മേല്‍നോട്ടത്തില്‍ നടത്തിവരികയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാത്യു വര്‍ഗീസ്, സഫറുള്ള തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.