സിനിമ തീയേറ്ററുകളില്‍ പുറത്ത് നിന്നുള്ള ഭക്ഷണം അനുവദിക്കേണ്ടെന്ന് സുപ്രീം കോടതി
സിനിമ തീയറ്ററുകളില്‍ പുറത്ത് നിന്നും സിനിമ പ്രേക്ഷകര്‍ക്ക് ഭക്ഷണം കൊണ്ടുവരാമോ എന്ന കേസില്‍ പ്രധാന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. സിനിമ തീയറ്റുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കണം എന്ന ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി തങ്ങളുടെ അഭിപ്രായങ്ങള്‍ പറഞ്ഞത്.
തീയേറ്ററുകളില്‍ സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് സ്വന്തം ഭക്ഷണവും വെള്ളവും കൊണ്ടുപോകുന്നതിനുള്ള വിലക്ക് നീക്കിയ ജമ്മു കശ്മീര്‍ ഹൈക്കോടതി ഉത്തരവ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി .എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി.
സിനിമാ തീയറ്ററുകള്‍ക്കും മള്‍ട്ടിപ്ലക്സുകള്‍ക്കും സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് മുന്നില്‍ നിബന്ധനകളും വ്യവസ്ഥകളും നിശ്ചയിക്കാനും പുറത്ത് നിന്നുള്ള ഭക്ഷണപാനീയങ്ങള്‍ അനുവദിക്കണോ എന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. എന്നാല്‍ കാഴ്ചക്കാര്‍ക്ക് സൗജന്യ കുടിവെള്ളം നല്‍കണമെന്ന് കോടതി പറഞ്ഞു.
‘സിനിമ തീയറ്റര്‍ ഒരു ജിം അല്ല. അവിടെ നിങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം വേണമെന്നില്ല. അത് വിനോദത്തിനുള്ള സ്ഥലമാണ്. സിനിമാ ഹാള്‍ സ്വകാര്യ സ്വത്താണ്. നിയമങ്ങള്‍ക്ക് വിധേയമായി അവിടുത്തെ നിബന്ധനകളും നിയന്ത്രണങ്ങളും ഉടമയാണ് തീരുമാനിക്കേണ്ടത്. ആയുധങ്ങള്‍ കൊണ്ടുവരാരുത്, ജാതി മത വിവേചനം പാടില്ല തുടങ്ങിയ കാര്യങ്ങള്‍ നിശ്ചയിക്കാം. അല്ലാതെ
സിനിമാശാലകളില്‍ ഭക്ഷണം കൊണ്ടുവരാമെന്ന് ഹൈക്കോടതിക്ക് നിശ്ചയിക്കാന്‍ സാധിക്കില്ല’ – വിധിയില്‍ സുപ്രീംകോടതി പറഞ്ഞു.
ഹൈക്കോടതി അതിന്റെ അധികാരം മറികടന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണവും ശുദ്ധജലവും നല്‍കാന്‍ സിനിമാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ഒരു സിനിമ കാണണോ വേണ്ടയോ എന്നത് പ്രേക്ഷകന്റെ തിരഞ്ഞെടുപ്പാണെന്നും ഒരിക്കല്‍ സിനിമാ ഹാളില്‍ പ്രവേശിച്ചാല്‍ മാനേജ്മെന്റിന്റെ നിയമങ്ങള്‍ പാലിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.