കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം: നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്‌പെന്റ് ചെയ്തു

Share our post

കോട്ടയം: ഭക്ഷ്യ വിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവത്തില്‍ കോട്ടയം നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്‌പെന്റ് ചെയ്തു. മുമ്പും ഭക്ഷ്യ വിഷബാധയുണ്ടായ സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി എന്ന ഹോട്ടലിന് മതിയായ പരിശോധനകള്‍ നടത്താതെ വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയതിനാണ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം ആര്‍ സാനുവിനെ സസ്‌പെന്റ് ചെയ്തത്.

മരിച്ച രശ്മി രാജ് ഡിസംബര്‍ 29നാണ് ഈ ഹോട്ടലില്‍ നിന്നും അല്‍ഫാം വാങ്ങിയത്. ഇത് കഴിച്ച് ഒരുമണിക്കൂറിനുശേഷം വയറിളക്കവും ഛര്‍ദിയുമുണ്ടായതിനെതുടര്‍ന്ന് പ്രാഥമിക ചികിത്സ തേടിയെങ്കിലും ആരോഗ്യനില വഷളായി. തുടര്‍ന്നു കോട്ടയം ജനറല്‍ ആസ്പത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

വെന്റിലേറ്ററിലായിരുന്ന രശ്മി തിങ്കളാഴ്ചയാണു മരിച്ചത്. ആന്തരികാവയവങ്ങളിലെ അണുബാധയാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിലെ നഴ്‌സ് ആയിരുന്നു മരിച്ച രശ്മി രാജ്. മെഡിക്കല്‍ കോളജിലെ ഹോസ്റ്റലിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!