എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ നേരെ മൂത്രമൊഴിച്ച് സഹയാത്രികൻ; പരാതി

Share our post

ന്യൂഡൽഹി: മദ്യലഹരിയിൽ വിമാനത്തിലെ വനിത യാത്രക്കാരിയ്ക്കു നേരെ മൂത്രമൊഴിച്ച് സഹയാത്രികൻ. ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എ.ഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം.

സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാരി പരാതിപ്പെട്ടു. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ അക്രമം നടത്തിയയാള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍നിന്നു പുറത്തുപോയി.

യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന് പരാതി നല്‍കിയതിനു ശേഷം മാത്രമാണ് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചതെന്നും പരാതിയുണ്ട്. അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് എയർ ഇന്ത്യ ആവശ്യപ്പെട്ടു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ റിപ്പോർട്ട് തേടി.

വിമാന ജീവനക്കാര്‍ യാതൊരു തരത്തിലും സഹകരിച്ചില്ലെന്ന് പരാതിക്കാരി എന്‍. ചന്ദ്രശേഖരനുള്ള കത്തില്‍ പറയുന്നു. ‘ഉച്ചയ്ക്ക് ആഹാരം നല്‍കിയ ശേഷം വിളക്കുകള്‍ അണച്ച ശേഷമായിരുന്നു സംഭവം. പൂര്‍ണമായും മദ്യലഹരിയിലായിരുന്ന ഒരു യാത്രക്കാരന്‍ എന്റെ സീറ്റിനടുത്തേക്ക് വരികയായിരുന്നു.

തുടര്‍ന്ന് പാന്റിന്റെ സിപ്പ് അഴിച്ച ശേഷം സ്വകാര്യ ഭാഗങ്ങള്‍ എന്റെ നേരെ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് മൂത്രമൊഴിച്ച ശേഷം അവിടെ തന്നെ നില്‍ക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരനെത്തി മാറാന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അയാള്‍ അവിടെനിന്നു പോയത്.

എന്റെ വസ്ത്രവും ഷൂവും ബാഗും മുഴുവനും മൂത്രം വീണ് നനഞ്ഞു. തുടര്‍ന്ന് വിമാനജീവനക്കാരെത്തി അണുനാശിനിയും മറ്റും തളിക്കുകയായിരുന്നു.’– പരാതിക്കാരിയുടെ കത്തില്‍ പറയുന്നു. ക്യാബിന്‍ ക്രൂവാണ് പിന്നീട് യാത്രക്കാരിക്ക് പൈജാമയും ചെരിപ്പും നല്‍കിയത്.

നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാരുടെ സീറ്റ് നല്‍കുകയായിരുന്നു. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു. രണ്ട് മണിക്കൂറിനു ശേഷമാണ് മറ്റൊരു സീറ്റ് നല്‍കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!