കട്ടൗട്ടുകളും ഫ്ലക്സുകളും നീക്കിയില്ലെങ്കിൽ പിടിവീഴും
കണ്ണൂർ: പാതയോരങ്ങളില്‍നിന്ന് അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ നീക്കം ചെയ്യല്‍ നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ച് ജില്ലതല മോണിറ്ററിങ് സമിതി യോഗം. ലോകകപ്പ് മത്സരങ്ങള്‍ക്കു ശേഷവും നീക്കം ചെയ്യാത്ത കട്ടൗട്ടുകളും ഫ്ലക്സ് ബോര്‍ഡുകളും ഒരാഴ്ചക്കകം നീക്കം ചെയ്യണം.
അല്ലാത്തപക്ഷം അവ സ്ഥാപിച്ച ക്ലബുകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് യോഗം നിര്‍ദേശം നല്കി. ആവശ്യമായ സഹായം നല്‍കുന്നതിന് സജ്ജമാണെന്ന് പൊലീസ് അറിയിച്ചു.
കാഴ്ച മറയ്ക്കുന്ന നിലയില്‍ സ്ഥാപിക്കപ്പെട്ട ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്വമേധയ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാത്തപക്ഷം തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്ത് അതിന് ചെലവ് ഈടാക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടര്‍ ടി.ജെ. അരുണ്‍ അറിയിച്ചു.
വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളോടും യോഗം അഭ്യര്‍ഥിച്ചു.
നിരോധിത വസ്തുക്കള്‍ ഉപയോഗിച്ച് ബോര്‍ഡുകളും ബാനറുകളും തയാറാക്കി സ്ഥാപിക്കുന്നത് കണ്ടെത്തി പിഴ ഈടാക്കുന്നതിനും നിയമനടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരോട് നിര്‍ദേശിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പൊലീസ് മേധാവികള്‍, ദേശീയപാത അതോറിറ്റി പ്രതിനിധി, പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.